സൗദിയിലെ സ്‌കൂളുകള്‍ ഈ മാസം അവസാനത്തോടെ തുറക്കും

വിദ്യാര്‍ഥികള്‍ തമ്മില്‍ ശാരീരിക അകലം പാലിച്ചുള്ള ക്രമീകരണമാണ് മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ളത്

Update: 2020-08-06 20:20 GMT

സൗദിയിലെ സ്‌കൂളുകള്‍ ഈ മാസം അവസാനത്തോടെ തുറക്കാനുള്ള ഒരുക്കങ്ങള്‍ സജീവമായി. വിദ്യാര്‍ഥികള്‍ തമ്മില്‍ ശാരീരിക അകലം പാലിച്ചുള്ള ക്രമീകരണമാണ് മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതോടെ രാജ്യത്തെ വിദ്യഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വാണിജ്യ തൊഴില്‍ മേഖലകളും സജീവമാകും. ഈ മാസം മുപ്പതിന് ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളുമായാണ് മന്ത്രാലയം മുന്നോട്ട് പോകുന്നത്.

കോവിഡ് പശ്ചാതലത്തില്‍ സ്വീകരിക്കേണ്ട സുരക്ഷാ ചട്ടങ്ങള്‍ക്ക് വിധേയമായിട്ടാണ് സ്‌കൂളുകള്‍ തുറക്കുക. ഇതിന്റെ മുന്നോടിയായി സ്‌കൂളും പരിസരങ്ങളും ശുചീകരിച്ച് അണുവിമുക്തമാക്കുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ക്ലാസ് മുറികളും, ശൗചാലയങ്ങളും കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിധേയമായി ക്രമീകരിക്കും. സ്‌കൂളിലെ പഠനോപകരണങ്ങള്‍, പാഠ പുസ്തകങ്ങള്‍, ലൈബ്രറി, കളി ഉപകരണങ്ങള്‍ തുടങ്ങിയവയും അണുവിമുകതമാക്കും, വ്യക്തി ശുചിത്വം ഉറപ്പ് വരുത്തുന്നതിനാവശ്യമായ സാനിറ്റൈസറുകള്‍ സ്ഥാപിക്കും. വിദ്യാര്‍ഥികള്‍ ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനും നിരീക്ഷിക്കുന്നതിനും സ്‌കൂള്‍ ജീവനക്കാര്‍ക്ക് പ്രത്യേകം പരിശീലനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ച് ഒന്‍പതിനാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടത്. തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴിയാണ് രാജ്യത്തെ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചു വരുന്നത്. കോവിഡാനന്തരം സ്‌കൂളുകള്‍ തുറക്കുന്നതിന് മന്ത്രാലയം തീരുമാനിച്ചതോടെ രാജ്യത്തെ സ്‌കൂള്‍ വിപണിയിലും മറ്റു തൊഴില്‍ മേഖലകളിലും ഉണര്‍വ്വ് പ്രകടമായിട്ടുണ്ട്.

Tags:    

Similar News