സൗദിയിൽ സ്കൂള്‍ തുറക്കുന്നതില്‍ അന്തിമ രേഖയായി; ആഗസ്റ്റ് 30 മുതല്‍ ഏഴാഴ്ച ഓണ്‍ലൈന്‍ ക്ലാസ്

വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ആൽ ശൈഖാണ് അധ്യയനം തുടങ്ങുന്ന രീതികള്‍ അറിയിച്ചത്

Update: 2020-08-16 17:51 GMT

സൗദിയിൽ പ്രാഥമിക തലം മുതൽ സർവകലാശാല തലം വരെയുള്ള വിദ്യാലയങ്ങൾ ആഗസ്റ്റ് 30ന് പ്രവർത്തനം ആരംഭിക്കും. ആദ്യത്തെ ഏഴ് ആഴ്ച ഓൺലൈൻ ക്ലാസുകളാകും ഉണ്ടാവുക. അധ്യാപകര്‍ ആഴ്ചയിലൊരിക്കലും ജീവനക്കാര്‍ ക്ലാസുള്ള എല്ലാ ദിവസവും സ്കൂളില്‍ ഹാജരാകണം.

വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ആൽ ശൈഖാണ് അധ്യയനം തുടങ്ങുന്ന രീതികള്‍ അറിയിച്ചത്. ആഗസ്റ്റ് 30ന് തന്നെ നിശ്ചയിച്ച പ്രകാരം ക്ലാസ് തുടങ്ങും. അധ്യാപകരും വിദ്യാർഥികളും ഏഴാഴ്ച ഓൺലൈൻ ക്ലാസ്സിൽ തുടരണം. മദ്റസത്തീ എന്ന പോര്‍ട്ടല്‍ വഴിയാകും സ്വദേശികള്‍ക്കുള്ള ക്ലാസുകള്‍. ഇത് വിദേശി സ്കൂളുകള്‍ക്കും ഉപയോഗപ്പെടുത്താം. ഓഗ്മെന്റ് റിയാലിറ്റി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പഠന രീതിയാണ് ഈ ആപ്ലിക്കേഷന്‍ വഴിയുണ്ടാവുക.

ക്ലാസുകള്‍ കുട്ടികള്‍ക്ക് ഓണ്‍ലൈനാണെങ്കിലും സ്കൂള്‍ ജീവനക്കാര്‍ സ്കൂളിലെത്തണം. ആഴ്ചയിൽ ഒരു ദിവസം അധ്യാപകരും ഓഫീസിലെത്തണം. പ്രയാസമുള്ള അധ്യാപകർക്ക് ഇതിൽ ഇളവുണ്ട്. സർവകലാശാല തലത്തിൽ തിയറി ക്ലാസുകൾ ഓൺലൈനില്‍ തുടരും. എന്നാല്‍ പ്രാക്റ്റിക്കൽ ക്ലാസുകൾക്ക് വിദ്യാർത്ഥികൾ നേരിട്ട് ഹാജരാവണം. പുസ്‌തകങ്ങളും പഠനോപകരണങ്ങളും രക്ഷിതാക്കൾക്ക് സ്കൂളുമായി ബന്ധപ്പെട്ട് ഏറ്റുവാങ്ങാം.

Tags:    

Similar News