സൌദിയില്‍ സ്വദേശികള്‍ക്കും വിദേശി കുടുംബാംഗങ്ങള്‍ക്കും മടങ്ങാം; മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ച് G.A.C.A
സൗദി പൗരന്‍മാര്‍ക്കും അവരുടെ വിദേശികളായ കുടുംബാങ്ങള്‍ക്കും രാജ്യത്തേക്ക് തിരിച്ചെത്തുന്നതിനുള്ള അനുമതിയും മന്ത്രാലയം പുറപ്പെടുവിച്ചു.
സൗദിയിലേക്ക് മടങ്ങുന്ന വിദേശികള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ച് സൗദി ഏവിയേഷന്‍ മന്ത്രാലയം. സൗദി പൗരന്‍മാര്‍ക്കും അവരുടെ വിദേശികളായ കുടുംബാങ്ങള്‍ക്കും രാജ്യത്തേക്ക് തിരിച്ചെത്തുന്നതിനുള്ള അനുമതിയും മന്ത്രാലയം പുറപ്പെടുവിച്ചു. റെസിഡന്‍സ് വിസ കാലാവധിയുള്ള വിദേശികളായ ബന്ധുക്കള്‍ക്കാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിബന്ധനകള്‍ക്ക് വിധേയമായി രാജ്യത്തേക്ക് തിരിച്ചെത്താന്‍ കഴിയുക. അതേ സമയം റീ എന്‍ട്രി വിസയില്‍ രാജ്യത്തിന് പുറത്ത് കഴിയുന്ന വിദേശികളുടെ മടങ്ങി വരവിനുള്ള ഉത്തരവ് ഉടന്‍ പ്രാബല്യത്തിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അഥവ ജി.എ.സി.എ ആണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിമാന കമ്പനികള്‍ക്കും അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ക്കുമാണ് നിര്‍ദ്ദേശം നല്‍കിയത്. യാത്രാ വിലക്കിനെ തുടര്‍ന്ന് വിദേശങ്ങളില്‍ കുടുങ്ങിപ്പോയ സ്വദേശികളെയും സ്വദേശികളുടെ വിദേശികളായ ബന്ധുക്കളെയും രാജ്യത്തേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദ്ദേശം. ഇതിന് വേണ്ട നടപടികള്‍ പൂര്‍ത്തിയാക്കി ബുക്കിംഗ് സ്വീകരിക്കുന്നതിന് വിമാന കമ്പനികള്‍ക്കും അനുമതി നല്‍കി. ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന നിബന്ധനകള്‍ പൂര്‍ത്തിയാക്കിയായിരിക്കും ഇവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുക. തിരിച്ചെത്തുന്നവര്‍ ചിലവുകള്‍ സ്വന്തമായി വഹിക്കണം. രാജ്യത്തെ കാലവധിയുള്ള റെസിഡന്റ് പെര്‍മിറ്റ് ഉള്ളവരായിരിക്കണം. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക അപേക്ഷ ഫോം പൂരിപ്പിച്ച് വിമാനത്താവളത്തില്‍ ഏല്‍പ്പിക്കണം