സൗദിയിലേക്കുള്ള പലരുടേയും റീ എന്‍ട്രി കാലാവധി നാളെ അവസാനിക്കുന്നു; സ്ഥാപനത്തിന്‍റെ മുഖീം പോര്‍ട്ടല്‍ വഴി ജീവനക്കാരുടെ റീ എന്‍ട്രി കാലാവധി നീട്ടാം
കാലാവധി നീട്ടാതെ റീ എന്‍ട്രി കാലാവധി അവസാനിച്ചാല്‍ എന്തു സംഭവിക്കുമെന്നതില്‍ അവ്യക്ത തുടരുന്ന സാഹചര്യത്തിലാണ് പ്രയാസമൊഴിവാക്കാന്‍ കമ്പനികളുടെ നടപടി
കോവിഡ് ലോക്ഡൌണില്‍ നാട്ടില്‍ കുടുങ്ങിയവരുടെ റീ എന്‍ട്രികള്‍ സൌദിയിലെ കന്പനികള്‍ പുതുക്കി തുടങ്ങി. അവധിക്ക് പോയ എല്ലാവരുടെയും റീ എൻട്രികളുടെ കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതുക്കുന്നത്. ജവാസാത്ത് നല്‍കിയ സൌകര്യമുപയോഗിച്ച് ജീവനക്കാരുടെ റീ എന്‍ട്രികള്‍ ഓണ്‍ലൈനായി സ്ഥാപനങ്ങള്‍ക്ക് പുതുക്കാംം.
കോവിഡ‍് കാരണം അന്താരാഷ്ട്ര വിമാന സര്‍വീസ് മുടങ്ങിയതോടെ പലരും നാട്ടില്‍ കുടുങ്ങിയതാണ്. ഇവരുടെ തീരാറായ ഇഖാമ കാലാവധിയും റീ എന്‍ട്രി വിസാ കാലാവധിയും രണ്ടു ഘട്ടമായി സൌദി അറേബ്യ പുതുക്കി നല്‍കിയിരുന്നു. റീ എന്‍ട്രി പലര്‍ക്കും പുതുക്കി ലഭിച്ചതിന്റെ കാലാവധി നാളെ അവസാനിക്കും. ഇനി റീ എന്‍ട്രി സൌജന്യമായി പുതുക്കി നല്‍കുമോ എന്നതില്‍ ജവാസാത്തിന്‍റെ പ്രഖ്യാപനമൊന്നും ഇതുവരെയില്ല.
എന്നാല്‍ എല്ലാ കമ്പനികള്‍ക്കും അവരുടെ ജീവനക്കാരുടെ റീഎന്‍ട്രി വിസാ കാലാവധി ഇപ്പോള്‍ ഓണ്‍ലൈനായി പുതുക്കാം. കന്പനിയുടേയോ സ്പോണ്‍സറുടേയോ അബ്ശിർ, മുഖീം സിസ്റ്റങ്ങൾ വഴി മാത്രമേ ഇഖാമ കാലാവധിയുള്ളവരുടെ റീ എൻട്രികൾ ഇപ്പോള്‍ നീട്ടാനാകൂ. ഒരു മാസത്തിന് നൂറ് റിയാല്‍ അടച്ചാല്‍ ഓണ്‍ലൈനായി തന്നെ പുതുക്കാം.
ഓൺലൈന്‍ ബാങ്കിങ്, എടിഎം എന്നിവ ഉപയോഗിച്ച് പണമടക്കാനാകും. ഇഖാമ നമ്പര്‍ റീ എന്‍ട്രി നമ്പര്‍ എന്നിവ ചേര്‍ത്താണ് പണമടക്കേണ്ടത്. ഇതിനു ശേഷം കമ്പനിക്ക് മുഖീം, അബ്ശിർ തുറന്ന് റീ എൻട്രി ദീർഘിപ്പിക്കാനുള്ള ഐകൺ ക്ലിക്ക് ചെയ്താൽ മതി. വേഗത്തില്‍ റീ എന്‍ട്രി നീട്ടി ലഭിക്കും. ആശ്രിതർക്ക് അവരുടെ രക്ഷിതാക്കളുടെ അബ്ശിർ വഴിയാണ് റീ എൻട്രി ദീർഘിപ്പിക്കാനാകുക. കാലാവധി തീരാറായ റീ എന്‍ട്രി പുതുക്കിയില്ലെങ്കില്‍ ഇനി എന്തു സംഭവിക്കുമെന്നതിലെ അവ്യക്തത കാരണമാണ് കന്പനികള്‍ തന്നെ ജീവനക്കാരുടെ റീ എന്‍ട്രി പുതുക്കി തുടങ്ങിയത്.