സൗദി തുറമുഖങ്ങളില്‍ സൗജന്യമായി ചരക്കുകള്‍ സൂക്ഷിക്കുന്നതിനുള്ള കാലാവധി ദീര്‍ഘിപ്പിച്ചു
അഞ്ച് ദിവസമുണ്ടായിരുന്നത് 21 ദിവസമായാണ് ദീര്‍ഘിപ്പിച്ചത്
സൗദി അറേബ്യ രാജ്യത്തെ തുറമുഖങ്ങളില്‍ സൗജന്യമായി ചരക്കുകള്‍ സൂക്ഷിക്കുന്നതിനുള്ള കാലാവധി ദീര്‍ഘിപ്പിച്ചു. നിലവില്‍ അഞ്ച് ദിവസമുണ്ടായിരുന്നത് 21 ദിവസമായാണ് ദീര്‍ഘിപ്പിച്ചത്. നടപടി ചരക്ക് കയറ്റുമതി ഇറക്കുമതി രംഗത്തെ ശക്തിപ്പെടുത്തുമെന്ന് സൗദി പോര്‍ട്ട് അതോറിറ്റി പറഞ്ഞു.
രാജ്യത്തെ തുറമുഖങ്ങളില്‍ ചരക്കുകള്‍ വാടകയില്ലാതെ സൗജന്യമായി സൂക്ഷിക്കുന്നതിനുള്ള കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കുന്നതാണ് പുതിയ തീരുമാനം. സൗദി പോര്‍ട്ട്‌സ് അതോറിറ്റിയുടേതാണ് നടപടി. 21 ദിവസം വരെ സൗജന്യമായി ചരക്കുകള്‍ തുറമുഖത്ത് സൂക്ഷിക്കുന്നതിന് അനുമതി നല്‍കും.
സെപ്തംബര്‍ ഒന്ന് മുതലാണ് പുതിയ നടപടി പ്രാബല്യത്തില്‍ വരിക. ഇറക്കുമതി കയറ്റുമതി വ്യാപാരികള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും ആശ്വാസമേകുന്നതാണ് പോര്‍ട്ട് അതോറിറ്റിയുടെ പുതിയ തീരുമാനം. രാജ്യത്തെ തുറമുഖങ്ങളുടെ വളര്‍ച്ച ലക്ഷ്യമിട്ടുള്ളതാണ് പുതുക്കിയ തീരുമാനം. മേഖലയിലെ സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തുക.
ഗുണഭോക്താക്കള്‍ നേരിടുന്ന പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കുക, ട്രാന്‍സിറ്റ് കപ്പലുകളെ ആകര്‍ഷിക്കുക, മല്‍സരാധിഷ്ടിതമായ സേവനങ്ങള്‍ വഴി ആഗോള വ്യാപാരത്തില്‍ വിപണി പങ്കാളിത്തം വര്‍ധിപ്പിക തുടങ്ങിയ ബഹുമുഖ നേട്ടങ്ങള്‍ കൈവരിക്കാന്‍ പുതിയ തീരുമാനം സഹായിക്കുമെന്ന് തുറമുഖ അതോറിറ്റി അധികൃതര്‍ പറഞ്ഞു. അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്ന വ്യവസായ മേഖലക്കും കയറ്റുമതി മേഖലക്കും പുതിയ തീരുമാനം പ്രോല്‍സാഹനം നല്‍കുമെന്നും പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.