വിമാന ടിക്കറ്റ് റദ്ദ് ചെയ്യുന്നവര്‍ക്ക് പണം തിരികെ ലഭിക്കാന്‍ 45 ദിവസം കഴിയണം- സൌദിയ എയര്‍ലൈന്‍സ്
എന്നാൽ യാത്ര എന്ന് പുനരാരംഭിക്കാനാകുമെന്നത് സംബന്ധിച്ച് ഇത് വരെ ഔദ്യോഗികമായി അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല
വിമാന ടിക്കറ്റ് റദ്ദ് ചെയ്യുന്നവര്‍ക്ക് 45 ദിവസം കഴിഞ്ഞേ പണം തിരികെ നല്‍കാനാകൂവെന്ന് സൌദിയ എയര്‍ലൈന്‍സ്. കോവിഡ് പശ്ചാത്തലത്തിലാണിത്. നിലവിൽ ആഭ്യന്തര സർവീസുകൾ മാത്രമാണ് സൌദിയ എയർലൈൻസ് നടത്തി വരുന്നത്.
കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് 15 മുതൽ അന്താരാഷ്ട്ര വിമാന സർവ്വീസുകൾ സൌദിയ എയർലൈൻസ് താൽക്കാലികമായി നിറുത്തിവെച്ചിരിക്കുകയാണ്. ഈ സ്ഥിതി ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന് കഴിഞ്ഞ ദിവസവും സൌദിയ എയർലൈൻസ് വ്യക്തമാക്കിയിരുന്നു. സൗദിയിലേക്ക് തിരിച്ച് വരാനായി ടിക്കറ്റെടുത്ത നിരവധി പേരാണ് മറ്റ് രാജ്യങ്ങളിൽ കഴിയുന്നത്.
എന്നാൽ യാത്ര എന്ന് പുനരാരംഭിക്കാനാകുമെന്നത് സംബന്ധിച്ച് ഇത് വരെ ഔദ്യോഗികമായി അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ നേരത്തെ ടിക്കറ്റെടുത്ത പലരും ടിക്കറ്റുകൾ ക്യാൻസൽ ചെയ്ത് തുടങ്ങിയിട്ടുണ്ട്. എന്നാൽ ക്യാൻസൽ ചെയ്ത ടിക്കറ്റിന്‍റെ പണം തിരികെ ലഭിക്കാവാൻ 45 ദിവസം വരെ സമയമെടുക്കുമെന്ന് സൌദി എയർലൈൻസ് വ്യക്തമാക്കി. സദാദ് വഴി പണമടച്ചാണ് ടിക്കറ്റുകൾ വാങ്ങിയതെങ്കിൽ മൂന്ന് മുതൽ 21 ദിവസത്തിനകം പണം തിരികെ ലഭിക്കും. അതേ സമയം ക്രഡിറ്റ് കാർഡുപയോഗിച്ചാണ് ടിക്കറ്റിന് പണമടച്ചതെങ്കിൽ 45 ദിവസത്തിനകമാണ് തിരിച്ച് ലഭിക്കുകയെന്നും സൌദിയ വ്യക്തമാക്കി. നിലവിൽ ആഭ്യന്തര സർവീസുകൾ മാത്രമാണ് സൌദിയ എയർലൈൻസ് നടത്തി വരുന്നത്.