സൗദിയിൽ വാട്‌സ്ആപ്പിന് പകരക്കാരന്‍ വരുന്നു?
ഉയർന്ന സുരക്ഷയും സ്വകാര്യതയും കാത്തു സൂക്ഷിക്കുന്നതാണ് പുതിയ ആപ്ലിക്കേഷന്‍
സൗദിയിൽ വാട്‌സ്ആപ്പിന് പകരമായി പുതിയ മെസ്സേജിങ് ആപ്ലിക്കേഷൻ വരുന്നു. പൂർണ്ണമായും രാജ്യത്തിനകത്ത് വെച്ച് തന്നെ നിയന്ത്രിക്കപ്പെടും വിധമാണ് ആപ്ലിക്കേഷന്റെ നിർമ്മാണം. ഉയർന്ന സുരക്ഷയും സ്വകാര്യതയും കാത്തു സൂക്ഷിക്കുന്നതാണ് പുതിയ ആപ്ലിക്കേഷനെന്ന് അധികൃതർ വ്യക്തമാക്കി.
വാട്‌സ്ആപ്പിന് പകരമായി സുരക്ഷിതമായ മറ്റൊരു ഷോട്ട് മെസ്സേജിംഗ് സേവനമാരംഭിക്കുവാനുള്ള ഒരുക്കത്തിലാണ് സൗദി അറേബ്യ. നിലവിൽ ഉപയോഗത്തിലുള്ള വാട്സ്ആപ്പ് പോലുള്ള വിദേശ കമ്പനികളുടെ സേവനങ്ങൾ പരിപമിതപ്പെടുത്തുകയും, രഹസ്യ സ്വഭാവമുള്ളതും, തന്ത്രപ്രധാനമായതുമായ വിവരങ്ങൾ സൗദിക്കകത്ത് തന്നെ സുരക്ഷിതമായി കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് മാറ്റുകയുമാണ് ലക്ഷ്യം.
കിംഗ് അബ്ദുൽ അസീസ് സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജിയിലെ സൗദി എഞ്ചിനീയർമാരുടെ പ്രത്യേക സംഘം തന്നെ ഇതിനായി പ്രവർത്തിച്ച് വരുന്നു. വാട്‌സ് ആപ്പ്, വീ ചാറ്റ് തുടങ്ങിയ മെസ്സേജിംഗ് ആപ്ലിക്കേഷനുകൾക്ക് പകരമായുള്ള സൗദിയുടെ ഈ പുതിയ സേവനം ഒരു വർഷത്തിനകം പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാദേശികമായി വികസിപ്പിച്ചെടുത്ത എൻക്രിപ്റ്റ് ചെയ്ത സോഫ്റ്റ് വെയറുകളിലും അൽഗോരിതങ്ങളിലുമായാണ് ഈ പുതിയ സേവനം നിർമ്മിച്ചിരിക്കുന്നത്.
വിദേശ ഏജൻസികളാൽ നിയന്ത്രിക്കപ്പെടുന്ന ബാഹ്യ സെർവ്വറുകളിൽ നിന്ന് ഇത് മുക്തമായിരിക്കും. അതിനാൽ തന്നെ മികവാർന്ന സുരക്ഷയും ശക്തമായ സ്വകാര്യതയും കാത്തുസൂക്ഷിക്കുവാൻ ഇതിനാകുമെന്ന് കിംഗ് അബ്ദുൽ അസീസ് സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജിയിലെ നാഷണൽ ഇൻഫർമേഷൻ സെക്യൂരിറ്റി ഡയറക്ടർ ബാസിൽ അൽ ഒമൈർ പറഞ്ഞു.