സൗദിയിലെ VAT കുറക്കുന്ന കാര്യം: സാമ്പത്തിക അവലോകനത്തിന് ശേഷമെന്ന് വാണിജ്യ മന്ത്രി
സൗദിയുടെ വരുമാനത്തില്‍ ഇത് 45 ശതമാനം കുറവുണ്ടാക്കി
സൗദിയില്‍ മൂല്യവര്‍ധിത നികുതി കുറക്കുന്നത് പരിഗണിക്കുക സാമ്പത്തിക അവലോകനത്തിന് ശേഷമാകുമെന്ന് വാണിജ്യ മന്ത്രി പറഞ്ഞു. കോവിഡ് സാഹചര്യത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് വാറ്റ് മൂന്നിരട്ടിയാക്കിയത്. എണ്ണവില കുത്തനെ ഇടിയുന്ന സാഹചര്യം കൂടി നിലനില്‍ക്കുന്നതിനാല്‍ വിശദമായ പരിശോധന സാമ്പത്തിക രംഗത്ത് നടത്തുന്നതായും മന്ത്രി പറഞ്ഞു.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സൗദി വാണിജ്യ മന്ത്രി മാജിദ് അല്‍ ഖസബിയുടെ പ്രതികരണം. സൗദിയുടെ ഏറ്റവും വലിയ വരുമാനം എണ്ണയില്‍ നിന്നാണ്. എന്നാല്‍ പോയ വര്‍ഷം അസംസ്കൃത ക്രൂഡിന്റെ വില നാല്‍പത് ശതമാനം ഇടിഞ്ഞു.
സൗദിയുടെ വരുമാനത്തില്‍ ഇത് 45 ശതമാനം കുറവുണ്ടാക്കി. എണ്ണേതര വരുമാനം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്. ഇതിനിടക്കാണ് കോവിഡ് മഹാമാരിയുടെ വരവ്. ഇതോടെ വരുമാനത്തിന് ഇതര മാര്‍ഗങ്ങള്‍ തേടേണ്ട സാഹചര്യമാണെന്നും സൗദി വാണിജ്യ മന്ത്രി പറഞ്ഞു. ഇതില്‍ ഏറ്റവും വേദനയുള്ള തീരുമാനമായിരുന്നു മൂല്യ വര്‍ധിത നികുതി മൂന്നിരട്ടിയാക്കിയത്. പക്ഷേ, അത് ഈ സമയത്തെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്നിരട്ടിയാക്കിയ വാറ്റ് കുറക്കുന്നത് പുനപരിശോധിക്കുമോ എന്ന ചോദ്യത്തിന് സാമ്പത്തിക രംഗത്തെ എല്ലാ ചലനങ്ങളും പരിശോധനക്ക് വിധേയമാണെന്നായിരുന്നു മറുപടി. പുതിയ മാര്‍ഗങ്ങളിലൂടെ വരുമാനം വരും. ജനങ്ങള്‍ക്ക് ഏറ്റവും മികച്ചത് നല്‍കാനാണ് ഭരണകൂടം ശ്രമിക്കുന്നത്.
അതിന്റെ ഓരോ തീരുമാനവും സാഹചര്യത്തിന് അനുസരിച്ച് പുനപരിശോധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കോവിഡിന്റെ ഭാഗമായുണ്ടായ സാമ്പത്തിക ഭാരം കുറക്കാന്‍ സൗദിയില്‍ വിവിധ അലവന്‍സുകളും സഹായധനങ്ങളും കുറച്ചിരുന്നു. ഇതോടെ ജനങ്ങള്‍ക്കിടയില്‍ നിന്നും വിവിധ ചേംബറുകളില്‍ നിന്നും തീരുമാനം പുനപരിശോധിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.