ഉംറ തീർത്ഥാടനത്തിനായുളള നിര്‍ദേശങ്ങള്‍ ഇവയാണ്...
ഉംറ ഷെഡ്യൂൾ പ്രഖ്യാപിച്ചു, ദിവസവും ആറ് ബാച്ചുകൾ, ഓരോ തീർത്ഥാടകനും മൂന്ന് മണിക്കൂർ
സൗദിയിൽ ഉംറ തീർത്ഥാടനത്തിന് അപേക്ഷിക്കുന്നതിനുള്ള മൊബൈൽ ആപ്പ് പ്രവർത്തിച്ചു തുടങ്ങി. ദിവസവും മൂന്ന് മണിക്കൂർ വീതമുള്ള ആറ് സമയങ്ങളാണ് ഉംറ തീർത്ഥാടകർക്കായി ക്രമീകരിച്ചിട്ടുള്ളത്. ഒക്ടോബർ നാല് മുതൽ ആഭ്യന്തര തീർത്ഥാടകർക്ക് ഉംറ നിർവ്വഹിക്കാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
തവക്കൽനാ ആപ്പിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ഇഅ്തമർനാ മൊബൈൽ അപ്പ് വഴി അനുമതി പത്രം നേടാൻ സാധിക്കൂ. ഇഅ്തമർനാ അപ്പിൽ ന്യൂ യൂസർ എന്ന് തെരഞ്ഞെടുത്താൽ തെളിയുന്ന സ്‌ക്രീനിൽ ഇഖാമ നമ്പർ, ഇഖാമയിൽ രേഖപ്പെടുത്തിയ ജനന തിയതി, മൊബൈൽ നമ്പറിലെ ആദ്യത്തെ പൂജ്യം ഒഴികെയുള്ള നമ്പറുകൾ, പാസ്‍വേഡ് എന്നിവ നൽകി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കാം. ശേഷം ഇഖാമ നമ്പറും പാസ് വേഡും നൽകി ലോഗിൻ ചെയ്താൽ മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി കോഡ് എന്റർ ചെയ്യുന്നതോടെ തെളിയുന്ന സ്‌ക്രീനിൽ നിന്ന് ഉംറ പെർമിറ്റ് എന്ന് തെരഞ്ഞെടുത്താൽ അപേക്ഷകന്റെ പേര് കാണാം.
തീർത്ഥാടനത്തിന് സുഹൃത്തുക്കളെയോ മറ്റോ പങ്കാളികളാക്കാനും അവസരമുണ്ട്. അതിനായി ആഡ് കമ്പാനിയൻ എന്ന ബട്ടണിൽ പ്രസ് ചെയ്ത് പങ്കാളിയുടെ ഇഖാമ നമ്പറും, ജനന തിയതിയും നൽകിയാൽ മതിയാകും. എന്നാൽ പങ്കാളിയും തവക്കൽനാ ആപ്പിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്ന് നിബന്ധനയുണ്ട്. ശേഷം തീർത്ഥാടനത്തിന് ഉദ്ദേശിക്കുന്ന തിയതിയും സമയവും തെരഞ്ഞെടുക്കണം. രാവിലെ ആറ് മണി, ഒമ്പത് മണി, ഉച്ചക്ക് 12.30, വൈകിട്ട് നാല് മണി, രാത്രി 9 മണി, രാത്രി 12 മണി എന്നിങ്ങനെ ആറ് സമയങ്ങളിലായാണ് ഉംറ തീർത്ഥാടനം ക്രമീകരിച്ചിട്ടുള്ളത്. ഇതിന് ശേഷം തീർത്ഥാടകന് എത്തിച്ചേരാൻ സാധിക്കുന്ന അസംബ്ലി പോയിന്റ് കൂടി തെരഞ്ഞെടുക്കുന്നതോടെ അനുമതി പത്രത്തിനുളള അപക്ഷ നടപടിക്രമങ്ങൾ പൂർത്തിയാകും.