സൗദിയിലെ വിദേശ നിക്ഷേപങ്ങളിൽ പത്ത് ശതമാനത്തോളം വളർച്ച
ഈ വർഷത്തിന്റെ ആദ്യപാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ 5 ശതമാനത്തിലധികം വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്.
സൗദിയിൽ വിദേശ നിക്ഷേപങ്ങളിൽ പത്ത് ശതമാനത്തോളം വളർച്ച കൈവരിച്ചതായി റിപ്പോർട്ട്. ഒരു വർഷത്തിനിടെ നൂറ്റി എഴുപതെ ദശാംശം ഒന്ന് ബില്യൺ റിയാലിന്റെ വളർച്ചയാണ് സൗദി കൈവരിച്ചത്. ഒരു വർഷത്തിനിടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിലും രണ്ട് ശതമാനം വർധന രേഖപ്പെടുത്തി.
കഴിഞ്ഞ ഒരു വർഷത്തിനിടെ സൗദിയിലെ വിദേശനിക്ഷേപങ്ങളിൽ 9.9 ശതമാനമാണ് വളർച്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ 457.3 ബില്യൺ ഡോളറായിരുന്നു സൗദിയിലെ വിദേശ നിക്ഷേപം. എന്നാൽ ഈ വർഷത്തെ രണ്ടാം പാദത്തിൽ ഇത് 502.7 ബില്യൺ ഡോളറായി ഉയർന്നു. ഈ വർഷത്തിന്റെ ആദ്യപാദത്തെ അപേക്ഷിച്ചും രണ്ടാം പാദത്തിൽ 5 ശതമാനത്തിലധികം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. സൗദിയിലെ വിദേശ നിക്ഷേപങ്ങളിൽ 47.5 ശതമാനവും നേരിട്ടുള്ള നിക്ഷേപങ്ങളാണ്. ഒരു വർഷത്തിനിടയിൽ നേരിട്ടുള്ള നിക്ഷേപത്തിൽ രണ്ട് ശതമാനം വർധന രേഖപ്പെടുത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഈ വർഷത്തെ രണ്ടാം പാദത്തിൽ നേരിട്ടുള്ള വിദേശ നിക്ഷേപം 896 ബില്യൺ റിയാലാണ്. എന്നാൽ പോയ വർഷം ഇതേ സമയത്ത് ഇത് 878.2 ബില്യൺ റിയാലായിരുന്നു. കഴിഞ്ഞ വർഷം വിദേശ നിക്ഷേപങ്ങളിൽ 19.5 ശതമാനം വർധന രേഖപ്പെടുത്തിയിരുന്നു.