സൗദിയില്‍ ട്രാന്‍സ്‌പോര്‍ട്ട് മേഖലയിലെ അരലക്ഷത്തോളം തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കും
സൗദി ട്രാന്‍സ്പോര്‍ട്ട് മന്ത്രി എഞ്ചിനിയര്‍ സ്വാലേ അല്‍ജാസിര്‍ ആണ് ധാരണ സംബന്ധിച്ച വിശദീകരണം നല്‍കിയത്
സൗദിയില്‍ ട്രാന്‍സ്‌പോര്‍ട്ട് മേഖലയിലെ അരലക്ഷത്തോളം തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിന് ധാരണയായി. ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയവും മാനവ വിഭവശേഷി മന്ത്രാലയവും തമ്മിലാണ് ധാരണയിലെത്തിയത്. എന്നാല്‍ പുതുതായി സ്വദേശിവല്‍ക്കരണം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന മേഖലകള്‍ ഏതൊക്കെ എന്ന് മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.
സൗദി ട്രാന്‍സ്പോര്‍ട്ട് മന്ത്രി എഞ്ചിനിയര്‍ സ്വാലേ അല്‍ജാസിര്‍ ആണ് ധാരണ സംബന്ധിച്ച വിശദീകരണം നല്‍കിയത്. ട്രാന്‍സ് പോര്‍ട്ട് മന്ത്രാലയവും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയവും തമ്മിലാണ് ധാരണയിലെത്തിയത്. ട്രാന്‍സ്‌പോര്‍ട്ട് രംഗത്തെ നാല്‍പത്തിഅയ്യായിരത്തിലധികം വരുന്ന തസ്തികകളില്‍ സ്വദേശിവല്‍ക്കരണം നടത്തുന്നതിനാണ് തീരുമാനം. ഇരു മന്ത്രാലയങ്ങളും ഒപ്പ് വെച്ച ധാരണാ പത്രത്തില്‍ സൗദി ചേംബേര്‍സ് കൗണ്‍സിലും ഹ്യൂമണ്‍ ഡവലപ്പ്‌മെന്റ് ഫണ്ടും ഭാഗവാക്കായി.
ട്രാന്‍സ്‌പോര്‍ട്ട് രംഗത്തെ തൊഴിലുകള്‍ മേഖലകള്‍ തിരിച്ച് ചിലത് സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിനാണ് ധാരണ. എന്നാല്‍ ഇവ ഏതൊക്കെയാണെന്ന കാര്യം മന്ത്രാലയം വിശദീകരിച്ചിട്ടില്ല. സ്വദേശികളായ യുവതി യുവാക്കള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനും സ്ഥിരപ്പെടുത്തുന്നതിനും സഹായിക്കുന്ന പുതിയ ആപ്ലിക്കേഷനും മന്ത്രാലയം രൂപം നല്‍കിയതായി മന്ത്രി പറഞ്ഞു. ഇതിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണെന്നും ഉടന്‍ പുറത്തിറങ്ങുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. സ്വദേശി തൊഴില്‍ അന്വേഷകര്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് മേഖലയില്‍ ഒഴിവു സമയങ്ങളെ ഉപയോഗപ്പെടുത്തി തൊഴില്‍ ചെയ്യുന്നതിനും അപ്ലിക്കേഷന്‍ സഹായിക്കും.