സൗദിയില്‍ അനധികൃതമായി കഴിയുന്നവരെ സഹായിക്കുന്നവര്‍ക്കുള്ള ശിക്ഷ കടുപ്പിച്ചു
താമസ രേഖയില്ലാതെ രാജ്യത്ത് കഴിയുന്ന നിയമം ലംഘകര്‍ക്കും നുഴഞ്ഞു കയറ്റക്കാര്‍ക്കും സഹായമൊരുക്കുന്നവര്‍ക്കാണ് ശിക്ഷ വര്‍ധിപ്പിച്ചത്.
സൗദി അറേബ്യയില്‍ അനധികൃതമായി കഴിയുന്നവരെ സഹായിക്കുന്നവര്‍ക്കുള്ള ശിക്ഷ കടുപ്പിച്ച് മന്ത്രാലയം. താമസ രേഖയില്ലാതെ രാജ്യത്ത് കഴിയുന്ന നിയമം ലംഘകര്‍ക്കും നുഴഞ്ഞു കയറ്റക്കാര്‍ക്കും സഹായമൊരുക്കുന്നവര്‍ക്കാണ് ശിക്ഷ വര്‍ധിപ്പിച്ചത്. ഇത്തരക്കാര്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴയും രണ്ട് വര്‍ഷം വരെ തടവും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി.
രാജ്യത്ത് തങ്ങുന്ന നിയമലംഘകര്‍ക്കെതിരിലുള്ള നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഇഖാമ നിയമ ലംഘകര്‍ക്കും നുഴഞ്ഞു കയറ്റക്കാര്‍ക്കും സഹായമൊരുക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമായി പരിഗണിക്കും. ഇത്തരത്തില്‍ സഹായമൊരുക്കിയതിന് പിടിക്കപ്പെട്ടാല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴയും രണ്ട് വര്‍ഷം വരെ തടവും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ലെഫ്റ്റനന്റ് കേണല്‍ തലാല്‍ അല്‍ശല്‍ഹൂബ് പറഞ്ഞു. നുഴഞ്ഞു കയറ്റക്കാര്‍ ഉള്‍പ്പെടെയുള്ള നിയമ ലംഘകരെ കുറിച്ചുള്ള വിവരം ബന്ധപ്പെട്ടവര്‍ക്ക് നല്‍കണം. ഇത്തരക്കാര്‍ക്ക് യാത്ര, താമസ സൗകര്യങ്ങള്‍ ജോലി എന്നിവ ഉള്‍പ്പെടെ ഒരു സഹായവും ചെയ്ത് കൊടുക്കരുതെന്നും കേണല്‍ വ്യക്തമാക്കി.
സഹായിക്കുന്നവരെ പിടികൂടിയാല്‍ ശിക്ഷ പൂര്‍ത്തിയാകുന്ന പക്ഷം നാടുകടത്തലിനും വിധേയമാക്കും. യാത്രാ സൗകര്യ ഏര്‍പ്പെടുത്തിയ വാഹനങ്ങള്‍ കണ്ടു കെട്ടുമെന്നും കേണല്‍ കൂട്ടിചേര്‍ത്തു. ഇഖാമ നിയമ ലംഘകരുടെയും യാചകരുടെയും സാന്നിധ്യം ഇല്ലാതാക്കുന്നതിന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും പ്രധാന പങ്ക് വഹിക്കാന്‍ സാധിക്കുമെന്നും തലാല്‍ അല്‍ശല്‍ഹൂബ് പറഞ്ഞു.