സൗദിയില്‍ 120ലേറെ അഴിമതി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; ഉന്നതര്‍ ഉള്‍പ്പെടെ അറസ്റ്റില്‍
രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ നിന്നായി സര്‍ക്കാര്‍ - അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍, ഏജന്‍സികള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് അന്വേഷിക്കുന്നത്.
സൗദി അഴിമതി വിരുദ്ധ അതോറിറ്റി പുതുതായി 120ലധികം സാമ്പത്തിക അഴിമതി കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ നിന്നായി സര്‍ക്കാര്‍ - അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍, ഏജന്‍സികള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് അന്വേഷിക്കുന്നത്. ഉന്നതര്‍ ഉള്‍പ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്തതായും അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി.
സൗദി അഴിമതി വിരുദ്ധ അതോറിറ്റി അഥവാ നസഹ അധികൃതരാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. സാമ്പത്തിക വഞ്ചന, കൈക്കൂലി, അഴിമതി എന്നീ വകുപ്പുകളിലാണ് കേസുകള്‍ രജിസ്‌റ്റര്‍ ചെയ്തിട്ടുള്ളത്. പുതുതായി 123 കേസുകളിലാണ് അന്വേഷണം പുരോഗമിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ചിലതിന്റെ വിശദാംശങ്ങളും അതോറിറ്റി പുറത്ത് വിട്ടിട്ടുണ്ട്. മുനിസിപ്പാലിറ്റി ജീവനക്കാരനെതിരായ അഴിമതി കേസില്‍ പ്രതിക്കനുകൂലമായി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് നസഹ ജീവനക്കാരന്‍ ഉള്‍പ്പെടെ അഴിമതി വിരുദ്ധ അതോറിറ്റി ജീവനക്കാരെ തന്നെ അറസ്റ്റ് ചെയ്തതായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി.
മറ്റൊരു കേസില്‍ നീതിന്യായ മന്ത്രാലയത്തിന് കീഴില്‍ ക്രമരഹിതമായി 169 മില്യണ്‍ റിയാലിന്റെ പ്രവൃത്തികള്‍ നടത്തിയതിന് ഒരു ന്യായാധിപന്‍, മുന്‍ ഷൂറാ കൗണ്‍സില്‍ അംഗം, ഗവര്‍ണറേറ്റിലെ മുന്‍ അണ്ടര്‍ സെക്രട്ടറി എന്നിവരുള്‍പ്പെടുന്ന സംഘത്തെയും അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി വരികയാണ്. മറ്റൊരു കേസില്‍ 400 മില്യണ്‍ ഡോളര്‍ കൈപ്പറ്റിയതിന് ലെഫ്റ്റനന്റ് ജനറല്‍ റാങ്കുള്ള മുന്‍ ഉദ്യോഗസ്ഥന്‍, വിദേശ കരാര്‍ കമ്പനി ഡയറക്ടര്‍ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ രേഖകള്‍ ചോര്‍ത്തിയതിന് സര്‍വകലാശാല ഫാക്കല്‍റ്റി അംഗത്തെയും കോടതി ജീവനക്കാരനെയും മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തു അന്വേഷണം നടക്കുകയാണ്.
പബ്ലിക് പ്രൊസിക്യൂഷനിലെ കേസ് അവസാനിപ്പിക്കുന്നതിന് 5.3 ദശലക്ഷം ഡോളര്‍ കൈപ്പറ്റിയ പബ്ലിക് പ്രൊസിക്യൂഷനിലെ രണ്ട് ജീവനക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗം, ട്രാഫിക് ഡിപ്പാര്‍ട്ടമെന്റ് ആരോഗ്യ മന്ത്രാലയം, നാഷണല്‍ വാട്ടര്‍ കമ്പനി, പരിസ്ഥിതി ജല മന്ത്രാലയം തുടങ്ങിയ വകുപ്പുകളില്‍ നിന്നും കേസുകള്‍ രജിസ്റ്റര്‍ ചെയ്തവയില്‍ ഉള്‍പ്പെടും.