സൗദിയില്‍ വ്യവസായ മേഖലയില്‍ സ്വദേശി അനുപാതം വര്‍ധിച്ചു

സ്വകാര്യ വ്യവസായ മേഖലയില്‍ സ്വദേശിവല്‍ക്കരണം ലക്ഷ്യമിട്ടതിലും കൂടുതല്‍ പേർക്ക് തൊഴിലവസരങ്ങൾ നൽകാൻ കഴിഞ്ഞതായി സൗദി മന്ത്രാലയം.

Update: 2020-12-21 03:13 GMT

സ്വകാര്യ വ്യവസായ മേഖലയില്‍ സ്വദേശിവല്‍ക്കരണം ലക്ഷ്യമിട്ടതിലും കൂടുതല്‍ പേർക്ക് തൊഴിലവസരങ്ങൾ നൽകാൻ കഴിഞ്ഞതായി സൗദി മന്ത്രാലയം. വ്യവസായ മേഖലയില്‍ ഈ വര്‍ഷം മാത്രം മുപ്പത്തി അയ്യായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഇതോടെ ഈ രംഗത്തെ ആകെ സ്വദേശികളുടെ തോത് മുപ്പത് ശതമാനത്തിനും മുകളിലെത്തി.

വ്യവസായ വകുപ്പ് മന്ത്രി ബന്ദര്‍ അല്‍ഖുറൈഫാണ് ഇത് സംബന്ധിച്ച വിശദീകരണം നല്‍കിയത്. രാജ്യത്തെ സ്വകാര്യ വ്യവസായ മേഖലയില്‍ സ്വദേശി അനുപാതം ഇരുപത്തിയഞ്ച് ശതമാനമായിരുന്നു മന്ത്രാലയം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 30 ശതമാനം കടന്നതായി മന്ത്രി പറഞ്ഞു. ഈ വര്‍ഷം മാത്രം 35000 ലേറെ സ്വദേശികള്‍ക്ക് വ്യവസായ രംഗത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി. ഇതില്‍ മൂന്നില്‍ രണ്ട് ശതമാനം പേര്‍ സ്വദേശി വനിതകളാണ്.

Advertising
Advertising

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും 800 പുതിയ വ്യവസായ ലൈസന്‍സുകള്‍ രാജ്യത്ത് അനുവദിച്ചു. ഇത് വഴി 2100 കോടിയിലേറെ നിക്ഷേപമാണ് ഈ രംഗത്ത് നടന്നതെന്നും മന്ത്രി വിശദീകരിച്ചു. കോവിഡ് പ്രതിസന്ധി ആഗോള തലത്തില്‍ വ്യവസായ മേഖലക്ക് വന്‍ തിരിച്ചടി നല്‍കിയിട്ടുണ്ട്. ഇതിന്റെ പ്രത്യാഘാതം രാജ്യത്തെ വ്യവസായ മേഖലക്കും നേരിട്ടതായും മന്ത്രി പറഞ്ഞു. രാജ്യത്ത് വ്യവസായ നഗരങ്ങളില്‍ ജോലി ചെയ്യുന്ന വനിതകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് അനുഭവപ്പെട്ടു വരുന്നത്. രണ്ടു വര്‍ഷത്തിനിടെ ഇവിടങ്ങളിലെ വനിതകളുടെ എണ്ണം ഇരിട്ടിയിലേറെയായി വര്‍ധിച്ചു. പുതിയ കണക്കുകള്‍ പ്രകാരം വ്യവസായ നഗരങ്ങളില്‍ മാത്രം 17000 ത്തിലധികം വനിതകള്‍ ജോലി ചെയ്തു വരുന്നതായും മന്ത്രി പറഞ്ഞു.

Full View
Tags:    

Similar News