സൗദിയിലേക്ക് പച്ചക്കറി കയറ്റുമതി നികുതി കൂട്ടി; വിദേശ പാത്രങ്ങൾക്കും കാർപറ്റിനും വിലയേറും
രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന പച്ചക്കറികള്‍ക്ക് 15 ശതമാനം കസ്റ്റംസ് തീരുവ ഏര്‍പ്പെടുത്തിയതോടെയാണിത്. പ്രാദേശിക ഉത്പന്നങ്ങൾ പരമാവധി വിപണിയിലെത്തിക്കാനാണ് സൗദിയുടെ ശ്രമം.
സൗദിയില്‍ ഇനി വിദേശത്തു നിന്നുള്ള പച്ചക്കറികള്‍ക്കും പാത്രങ്ങള്‍ക്കും വിലകൂടും. രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന പച്ചക്കറികള്‍ക്ക് 15 ശതമാനം കസ്റ്റംസ് തീരുവ ഏര്‍പ്പെടുത്തിയതോടെയാണിത്. പ്രാദേശിക ഉത്പന്നങ്ങൾ പരമാവധി വിപണിയിലെത്തിക്കാനാണ് സൗദിയുടെ ശ്രമം. ഇതിന്റെ ഭാഗമായാണ് വിദേശ ഉത്പന്നങ്ങളുടെ നികുതി കൂട്ടിയത്.
സൗദിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിസഭ നേരത്തെ തീരുമാനമെടുത്തത്. ഇത് പ്രാബല്യത്തിലാവാൻ പോവുകയാണ്. ഇതോടെ വിദേശത്തു നിന്നെത്തുന്ന പച്ചക്കറികൾക്ക് വിലകൂടും. ചില ഗൃഹോപകരണങ്ങള്‍ക്ക് 10 ശതമാനം ഇറക്കുമതി തീരുവയും കൂട്ടിയിട്ടുണ്ട്. ഇതുവരെ ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളെ കസ്റ്റംസ് നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
ഒലീവ്, കക്കിരി, കാരറ്റ്, തക്കാളി, മുളക്, വെണ്ടക്ക, മല്ലിയില, വഴുതന, മത്തന്‍ തുടങ്ങിയ സാധനങ്ങള്‍ക്കാണ് വില കൂടുക. അതോടൊപ്പം വിരിപ്പുകള്‍, കര്‍ട്ടനുകള്‍, കയര്‍ ഉല്‍പ്പന്നങ്ങള്‍, പാത്രങ്ങള്‍, കൊട്ടകള്‍, ഷോപ്പിംഗ് ബാഗുകള്‍ തുടങ്ങിയവയ്ക്കും വില കൂടും. എന്നാൽ വിപണിയിലേക്ക് പ്രാദേശിക ഉത്പന്നങ്ങൾ കൂടുതലായി എത്തിച്ച് വിലയേറ്റ പ്രശ്നം പരിഹരിക്കാനാകും. ഇതിനായി കൂടൂതൽ ഉത്പന്നങ്ങൾ എത്തിക്കാനുള്ള ശ്രമത്തിലാണ് സൗദിയിലെ മന്ത്രാലയങ്ങൾ.