അടുത്ത ഹജ്ജിന് മുഴുവൻ തീർത്ഥാടകർക്കും സ്മാർട്ട് തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യുമെന്ന് മന്ത്രാലയം

ഇതിനായി ഹജ്ജ് സ്മാർട്ട് കാർഡ് പ്ലാറ്റ് ഫോം എന്ന പേരിൽ ഹജ്ജ് ഉംറ മന്ത്രാലയം പുതിയ പദ്ധതി പ്രഖ്യാപിച്ചു

Update: 2020-12-29 04:47 GMT

അടുത്ത ഹജ്ജിന് മുഴുവൻ തീർത്ഥാടകർക്കും സ്മാർട്ട് തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇതിനായി ഹജ്ജ് സ്മാർട്ട് കാർഡ് പ്ലാറ്റ് ഫോം എന്ന പേരിൽ ഹജ്ജ് ഉംറ മന്ത്രാലയം പുതിയ പദ്ധതി പ്രഖ്യാപിച്ചു.

മക്ക കൾച്ചറൽ ഫോറം നടത്തിവരുന്ന കാമ്പയിന്‍റെ ഭാഗമായാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. 2019 ലെ ഹജ്ജ് വേളയിൽ അരലക്ഷത്തോളം തീർത്ഥാടകരിൽ സ്മാർട്ട് കാർഡുകൾ പരീക്ഷിച്ചിരുന്നു. ഇത് വിജയകരമായ സാഹചര്യത്തിലാണ് അടുത്ത ഹജ്ജിന് മുഴുവൻ തീർത്ഥാകർക്കും സ്മാർട്ട് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുന്നത്.

Advertising
Advertising

ഇക്കാര്യം നേരത്തെ തന്നെ ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചിരുന്നു. ഹജ്ജ് സംബന്ധമായ വിവരങ്ങൾക്ക് പുറമെ തീർത്ഥാടകരുടെ വ്യക്തിവിവരങ്ങളും, താമസ സ്ഥലം, ആരോഗ്യ സ്ഥിതി, തുടങ്ങിയ മുഴുവൻ വിവരങ്ങളും ഉൾകൊള്ളുന്നതാണ് സ്മാർട്ട് തിരിച്ചറിയിൽ കാർഡുകൾ. തീർത്ഥാടകരുടെ ഓരോ നീക്കങ്ങളുമറിഞ്ഞ് ആവശ്യമായ സഹായം ലഭ്യമാക്കാൻ ഇത് ഉപകരിക്കും.

വഴി തെറ്റിയോ മറ്റോ പ്രയാസപ്പെടുന്ന തീർത്ഥാടകരുടെ സ്ഥാനം കണ്ടെത്തുവാനും, വളരെ എളുപ്പത്തിൽ ഇവർക്ക് ആവശ്യമായ സഹായമെത്തിക്കുവാനും ഇതിലൂടെ സാധിക്കും. പുണ്ണ്യ സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന മെഷീനുകളിലൂടെയും, കാർഡിൽ പ്രിന്‍റ് ചെയ്തിരിക്കുന്ന ക്യൂ.ആർ കോഡ് വഴിയും കാർഡിലെ വിവരങ്ങൾ മനസ്സിലാക്കാം.

ഹജ്ജ് ഉംറ മേഖലയിലെ വിവിധ സേവനങ്ങളെ സാങ്കേതികമായി ബന്ധിപ്പിക്കുന്നതിന് ഡിജിറ്റൽ പ്ലാറ്റ് ഫോം വികസിപ്പിച്ചതായും മന്ത്രാലയം അറിയിച്ചു. വിഷൻ 2030 പരിഷ്കരണ പദ്ധതിയുടെ ഭാഗമായാണ് ഹജ്ജ് സ്മാർട്ട് കാർഡ് പ്ലാറ്റ് ഫോം വികസിപ്പിച്ചത്.

Tags:    

Similar News