റെയിൽവേയിൽ നാശനഷ്ടമുണ്ടാക്കുന്നവര്‍ക്കെതിരെ ശിക്ഷ കടുപ്പിച്ച് സൗദി
യാത്രക്കാർക്കും പുറമേയുള്ളവർക്കും നിയമം ബാധകമാണ്. റെയിൽവേയിൽ നാശനഷ്ടങ്ങളുണ്ടാക്കിയാൽ മുഴുവൻ നഷ്ടപരിഹാരവും പ്രതികളിൽ നിന്നും ഈടാക്കും
സൗദിയിലെ ട്രെയിനുകളിലോ റെയിൽവേയിലോ നാശനഷ്ടമുണ്ടാക്കിയാൽ രണ്ടു വർഷം തടവും അഞ്ചു ലക്ഷം റിയാൽ പിഴയും ചുമത്തും. യാത്രക്കാർക്കും പുറമേയുള്ളവർക്കും നിയമം ബാധകമാണ്. റെയിൽവേയിൽ നാശനഷ്ടങ്ങളുണ്ടാക്കിയാൽ മുഴുവൻ നഷ്ടപരിഹാരവും പ്രതികളിൽ നിന്നും ഈടാക്കും. റെയിൽവേയുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങൾ കുറക്കാനാണ് ശിക്ഷ കടുപ്പിച്ചത്. റെയിൽവേയിൽ യാത്ര ചെയ്യുന്നവരോ പുറമെ നിന്നുള്ളവരോ ഏതെങ്കിലും ഉപകരണങ്ങളോ ട്രെയിനിലോ നാശനഷ്ടമുണ്ടാക്കിയാൽ ശിക്ഷയേറും.
ഇത്തരം പ്രവര്‍ത്തികളിലേര്‍പ്പെടുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവും അഞ്ചു ലക്ഷം റിയാല്‍ പിഴയും ലഭിക്കുമെന്ന് പബ്ലിക് പ്രൊസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. നശിപ്പിച്ചതോ കേടുവരുത്തിയതോ ആയ ഉപകരണങ്ങള്‍ പുനസ്ഥാപിക്കുന്നതിന് ആവശ്യമായ മുഴുവന്‍ ചെലവുകളും കുറ്റക്കാരില്‍ നിന്നും ഈടാക്കും.
ഒപ്പം നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതു മൂലം റെയില്‍വേയ്ക്കുണ്ടായ നഷ്ടവും ഇയാള്‍ നല്‍കേണ്ടിവരും. അതായത് ഒരു ട്രെയിനിന്‍റെ സര്‍വീസ് മുടങ്ങിയാല്‍ അതുവഴി കിട്ടുമായിരുന്ന ലാഭം മുഴുവന്‍ ഇയാള്‍ നല്‍കേണ്ടിവരുമെന്നര്‍ഥം. റെയില്‍വേ ലൈൻ, ട്രെയിനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, ഫ്യുവല്‍ സ്റ്റേഷനുകള്‍ തുടങ്ങി റെയില്‍വേയുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും ഇതിന്‍റെ പരിധിയില്‍ വരും. പബ്ലിക് പ്രൊസിക്യൂട്ടറുടെ ഓഫീസ് നേരിട്ടായിരിക്കും ഇത്തരം കുറ്റകൃത്യങ്ങളെ കുറിച്ച് അന്വേഷണം നടത്തുക.