സൗദിയിൽ നിന്നും നാട്ടിൽ പോയവർ ശ്രദ്ധിക്കുക; റീ എൻട്രി കൃത്യസമയത്ത് പുതുക്കാതിരുന്നാൽ യാത്രാ വിലക്കുണ്ടാകുമെന്ന് ജവാസാത്ത് മുന്നറിയിപ്പ്

കോവിഡ് സാഹചര്യത്തിൽ വിമാനങ്ങൾ വൈകുന്നതിനാലാണ് മുന്നറിയിപ്പ്

Update: 2021-01-31 13:40 GMT

സൗദിയിൽ നിന്നും എക്സിറ്റ് റീ എൻട്രി വിസയിൽ പോയവർ നിശ്ചിത സമയത്തിനകം അത് പുതുക്കിയില്ലെങ്കിൽ യാത്രാ വിലക്കുണ്ടാകുമെന്ന് പാസ്പോർട്ട് വിഭാഗം. റീ എൻട്രി പുതുക്കാത്തവർക്ക് മൂന്നു വർഷത്തേക്കാണ് യാത്രാ വിലക്ക് ഏർപ്പെടുത്തുക. എന്നാൽ സ്വന്തം സ്പോൺസർക്ക് കീഴിൽ മറ്റൊരു വിസയിൽ വരാനായാൽ വിലക്ക് ബാധകമാകില്ല.

സൗദിയിൽ നിന്നും വെക്കേഷന് നാട്ടിൽ പോകാൻ വേണ്ടിയുള്ളതാണ് എക്‌സിറ്റ്-റീ എന്‍ട്രി വിസ. ഇത് നാട്ടിൽ പോകുന്ന സമയത്ത് തന്നെ ഒരു വർഷത്തേക്ക് വരെ ഇഷ്യൂ ചെയ്യാം. കോവിഡ് സാഹചര്യത്തിലും മറ്റും നാട്ടിൽ പോയ പലരും രണ്ടോ മൂന്നോ മാസത്തേക്കാണ് റീ എൻട്രി എക്സിറ്റ് വിസ എടുക്കാറ്. ഈ സമയത്തിനകം പ്രവാസികൾ സൗദികൾ തിരിച്ചെത്തണം. സാധിക്കാത്തവർക്ക് റീ എൻട്രി വിസ നീട്ടാം.

Advertising
Advertising

സ്പോൺസറുടെ സഹായത്തോടെ ഓൺലൈനായി തന്നെ റീ എൻട്രി വിസ പുതുക്കണം. കാലാവധി അവസാനിക്കുന്നതിന് മുന്നോടിയായാണ് പുതുക്കേണ്ടത്. കാലാവധി അവസാനിച്ചാൽ പിന്നെ വിസ റദ്ദാകും. ഇതോടെ മൂന്നു വർഷം യാത്രാ വിലക്ക് വരും. അതേസമയം, പഴയ സ്പോൺസറുടെ അടുത്തേക്ക് തന്നെ പുതിയ വിസയിൽ വരാനാണെങ്കിൽ ഈ വിലക്ക് ബാധകമാകില്ല. വേറെ സ്‌പോണ്‍സറുടെ കീഴില്‍ പുതിയ വിസയില്‍ വരുന്നതിനാണ് വിലക്ക്.


ഇതിനാൽ കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ വിമാന വിലക്ക് കാരണം നാട്ടില്‍നിന്ന് മടങ്ങാന്‍ കഴിയാത്തവര്‍ യഥാസമയം സ്‌പോണ്‍സറുമായി ബന്ധപ്പെട്ട് റീഎന്‍ട്രി വിസ പുതുക്കണം. സ്വമേധയാ റീ എന്‍ട്രി നീട്ടിക്കിട്ടുന്ന സാഹചര്യം നിലവിലില്ല.

Tags:    

Similar News