ജോ ബൈഡനുമായി മികച്ച ബന്ധം പുലർത്താനാകുമെന്ന് സൗദി അറേബ്യ

ബൈഡനെ അഭിനന്ദിച്ച് ജിസിസി കൗൺസിലും രംഗത്തെത്തി.

Update: 2021-01-23 01:17 GMT

പുതിയ അമേരിക്കൻ പ്രസിഡൻറായി സ്ഥാനമേറ്റ ജോ ബൈഡനുമായി സൗദി അറേബ്യക്ക് മികച്ച ബന്ധം പുലർത്താനാകുമെന്ന് വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ. ഇറാനുമായി പുതിയ കരാറിലേക്ക് യുഎസും യൂറോപ്പും നീങ്ങിയാൽ സൗദിയും ചർച്ചയുടെ ഭാഗമാകും. യു എസുമായി ഇറാൻ ചർച്ചക്ക് സന്നദ്ധമാകുന്നത് പുതിയ സാഹചര്യത്തിൽ രക്ഷപ്പെടാനാണെന്നും വിദേശ കാര്യ മന്ത്രി കുറ്റപ്പെടുത്തി. ബൈഡനെ അഭിനന്ദിച്ച് ജിസിസി കൗൺസിലും രംഗത്തെത്തി.

ജോ ബൈഡൻ അധികാരത്തിലെത്തിയ സാഹചര്യത്തിലാണ് സൗദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാന്റേയും ജിസിസിയുടേയും പ്രതികരണം. അമേരിക്കയുമായി സൗദി അറേബ്യക്ക് ചരിത്രപരമായ ബന്ധമുണ്ട്. റിപ്പബ്ലിക്കന്മാരുടെയും ഡെമോക്രാറ്റുകളുടെയും ഭരണനിർവഹണവുമായി സൗദി മികച്ച രീതിയിൽ ഇടപ്പെട്ടിട്ടുണ്ട്. അമേരിക്കയുമായുള്ള ബന്ധം അടിയുറച്ചതാണ്. തങ്ങളുടെ പൊതുതാൽപര്യങ്ങൾ മാറിയിട്ടില്ല.

Advertising
Advertising

Full View

ഇറാനുമായുള്ള കരാർ സംബന്ധിച്ച് അമേരിക്കയുമായി ആലോചിക്കും. അതിന് ശക്തമായ അടിത്തറയുണ്ടാകുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ഇറാനുമായി സമാധാനത്തിലേക്ക് സൗദി കൈ നീട്ടിയിരുന്നു. പക്ഷേ ഇറാൻ കരാറുകൾ പാലിക്കുന്നില്ല. സംഭാഷണത്തിന് തയ്യാറെന്ന ഇറാന്റെ ഇപ്പോഴത്തെ നിലപാട് കാര്യങ്ങൾ നീട്ടിവെക്കാനും പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടാനുമാണ്. ഇറാനുമായി ഇനിയുണ്ടാകുന്ന കരാറിൽ സൗദിയേയും ഭാഗമാക്കമാണെന്ന് നേരത്തെ രാജ്യം ആവശ്യെപ്പെട്ടിരുന്നു.

ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നാഇഫ് ഫലാഹ് മുബാറക് അൽഹജ്റഫും ബൈഡന്റെ അധികാരാരോഹണത്തെ സ്വാഗതം ചെയ്തു. മേഖലയിലും ലോകത്തും സുരക്ഷ, സമാധാനം, സ്ഥിരത എന്നിവ വർധിപ്പിക്കുന്നതിനും എല്ലാ മേഖലകളിലും പൊതുതാൽപര്യങ്ങൾ കൈവരിക്കുന്നതിനും സഹായിക്കുന്ന കാര്യങ്ങളിലും പുതിയ അമേരിക്കൻ ഭരണകൂടവുമായി സംയുക്തമായി പ്രവർത്തിക്കാനുള്ള താൽപര്യവും ജി.സി.സി സെക്രട്ടറി ജനറൽ പ്രകടിപ്പിച്ചു.

Tags:    

Similar News