സൗദിയിൽ ഫാർമസികൾ വഴി സൗജന്യ കോവിഡ് വാക്സിൻ വിതരണം
വാക്‌സിൻ ലഭിക്കുന്നതിന് സ്വിഹത്തി ആപ്പ് വഴി രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു
സൗദിയിൽ ഫാർമസികൾ വഴിയും സൗജന്യമായി കോവിഡ് വാക്സിൻ വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത് വരെ പത്ത് ലക്ഷത്തിലധികം ഡോസ് കോവിഡ് വാക്‌സിനുകൾ വിതരണം ചെയ്തിട്ടുണ്ട്. ഇന്നലെ മൂന്നൂറ്റി മുപ്പത്തി ഒന്ന് പുതിയ കേസുകളും, മുന്നൂറ്റി അമ്പത്തി ഒന്ന് രോഗമുക്തിയും റിപ്പോർട്ട് ചെയ്തു.
കോവിഡ് വാക്‌സിനേഷൻ പദ്ധതി വളരെ വേഗത്തിലാണ് ഇപ്പോൾ സൗദിയിൽ പുരോഗമിച്ച് വരുന്നത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം ഒരു ലക്ഷത്തി പതിനേഴായിരത്തിലധികം ഡോസ് വാക്‌സിനുകൾ വിതരണം ചെയ്തു. ഇതോടെ ഇത് വരെ 10,03,287 ഡോസ് വാക്‌സിനുകൾ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തൊട്ടാകെ നൂറിലധികം വാക്‌സിൻ വിതരണ കേന്ദ്രങ്ങൾ പ്രവർത്തിച്ച് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതൽ മക്ക, മദീന, റിയാദ്, അബഹ എന്നിവിടങ്ങളിൽ ഡ്രൈവ് ത്രൂ വാക്‌സിൻ സെന്ററുകളും പ്രവർത്തനമാരംഭിച്ചിരുന്നു. ഇതിന് പിറകെയാണ് ഇപ്പോൾ ഫാർമസികൾ വഴിയും സൗജന്യമായി വാക്‌സിൻ വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ വ്യക്തമാക്കിയത്.
മന്ത്രാലയം നിശ്ചയിക്കുന്ന ഫാർമസികൾ വഴി മാത്രമേ വിതരണം ചെയ്യുകയുള്ളൂ. എന്നാൽ വാക്‌സിൻ ലഭിക്കുന്നതിന് സ്വിഹത്തി ആപ്പ് വഴി രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. ഗർഭിണികൾക്കും കുട്ടികൾക്കും ഇപ്പോൾ വാക്‌സിൻ നൽകുകയില്ല. ഇന്നലെ 331 പുതിയ കേസുകളും, 351 രോഗ മുക്തിയും 5 പേരുടെ മരണവുമാണ് സൗദിയിൽ റിപ്പോർട്ട് ചെയ്തത്. ഇതുൾപ്പെടെ 3,78,333 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായും, 3,69,277 പേർക്ക് ഭേദമായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 6,510 പേരാണ് ഇത് വരെ മരിച്ചത്. ഇന്നലെ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം വർധിച്ച് അഞ്ഞൂറിന് മുകളിലെത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.