ഖത്തറില്‍ ക്വാറന്‍റൈന്‍ ഹോട്ടലുകള്‍ക്ക് ക്ഷാമം, പ്രവാസി മടക്കയാത്ര പ്രതിസന്ധിയില്‍
അമ്പതിനായിരം പേര്‍ക്ക് ബുക്കിങ് കാശ് തിരിച്ചുനല്‍കിയതായി ഖത്തര്‍ എയര്‍വേയ്സ്
ഖത്തറില്‍ ക്വാറന്‍റൈനായി ആവശ്യത്തിന് ഹോട്ടലുകള്‍ ഇല്ലാത്തത് പ്രവാസികളുടെ മടക്കയാത്ര അനിശ്ചിതത്വത്തിലാക്കുന്നു. കോവിഡ് റിസ്ക് കൂടിയ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ക്ക് ഖത്തറില്‍ ഒരാഴ്ച്ചത്തെ ഹോട്ടല്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമാണ്. ഖത്തര്‍ എയര്‍വേയ്സിന്‍റെ ഹോട്ടല്‍ ബുക്കിങ് വെബ്സൈറ്റായ ഡിസ്കവര്‍ ഖത്തര്‍ വഴിയാണ് ക്വാറന്‍റൈന്‍ റൂമുകള്‍ ബുക്ക് ചെയ്യേണ്ടത്. എന്നാല്‍ കോവിഡ് റിസ്ക് കൂടിയ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാ തരം യാത്രക്കാര്‍ക്കും ഹോട്ടല്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കിയതും ആവശ്യത്തിന് ഹോട്ടലുകളില്ലാത്തതും ഹോട്ടല്‍ ബുക്കിങ് ദുഷ്കരമാക്കുന്നു. രണ്ട് മാസത്തോളം കഴിഞ്ഞാണ് പലര്‍ക്കും ബുക്കിങ് ലഭിക്കുന്നത്. റൂം നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അമ്പതിനായിരത്തോളം പേര്‍ക്ക് ഇതിനകം ബുക്കിങ് കാശ് തിരിച്ചുനല്‍കിയതായി ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. നിലവില്‍ 65 ഹോട്ടലുകളില്‍ മാത്രമാണ് ക്വാറന്‍റൈന്‍ സൌകര്യമുള്ളത്. ഹോട്ടലുകളുടെ എണ്ണം കൂട്ടിയാല്‍ മാത്രമേ പ്രതിസന്ധി അല്‍പ്പമെങ്കിലും കുറയ്ക്കാന്‍ കഴിയൂ. പെട്ടെന്ന് തിരിച്ചുവരാനായി കുടുംബത്തോടൊപ്പം നാട്ടില്‍ പോയ മലയാളി പ്രവാസികളില്‍ പലരും ഹോട്ടല്‍ ബുക്കിങ് ലഭിക്കാതായതോടെ നാട്ടില്‍ കുടുങ്ങിയിരിക്കുകയാണ്.