'അല്‍ ജസീറ ഞങ്ങളുടെ അഭിമാനം'; ഉപരോധം പിന്‍വലിച്ചതിന് പിന്നാലെ ചാനല്‍ പൂട്ടുന്നത് ചര്‍ച്ചയായില്ലെന്ന് ഖത്തര്‍

ഉപരോധം അവസാനിപ്പിക്കണമെങ്കില്‍ അല്‍ ജസീറയുടെ പ്രവര്‍ത്തനം നിര്‍ത്തണമെന്നതടക്കമുള്ള 13 ഓളം നിര്‍ദ്ദേശങ്ങളായിരുന്നു 2017 ല്‍ മറ്റു ജി.സി.സി രാജ്യങ്ങള്‍ ഖത്തറിനു മുന്നില്‍ വെച്ചത്

Update: 2021-01-08 13:27 GMT

ഖത്തറിനെതിരായ ഉപരോധം പിന്‍വലിച്ചതിന് പിന്നാലെ അല്‍ ജസീറ ചാനല്‍ പൂട്ടുന്നത് ജി.സി.സി ഉച്ചകോടിയില്‍ ചര്‍ച്ചയായില്ലെന്ന് ഖത്തര്‍. അല്‍ ജസീറയും അവിടുത്തെ മാധ്യമപ്രവര്‍ത്തകരും തങ്ങളുടെ അഭിമാനമാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി പറഞ്ഞു.

ഉപരോധം അവസാനിപ്പിക്കണമെങ്കില്‍ അല്‍ ജസീറയുടെ പ്രവര്‍ത്തനം നിര്‍ത്തണമെന്നതടക്കമുള്ള 13 ഓളം നിര്‍ദ്ദേശങ്ങളായിരുന്നു 2017 ല്‍ സൗദി അറേബ്യ, ഈജിപ്ത്, ബഹ്റൈന്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ ഖത്തറിനു മുന്നില്‍ വെച്ചത്. എന്നാല്‍ ഇത് ആഭ്യന്തര വിഷയമാണെന്ന് പറഞ്ഞ് ഖത്തര്‍ ആവശ്യം തള്ളിക്കളയുകയായിരുന്നു.

Advertising
Advertising

'അല്‍ ജസീറ വിഷയം ജി.സി.സി മീറ്റില്‍ ചര്‍ച്ചയായില്ല. അല്‍ ജസീറയും അവിടുത്തെ മാധ്യമപ്രവര്‍ത്തകരും അവരുടെ സാന്നിധ്യവും ഞങ്ങള്‍ക്ക് അഭിമാനമാണ്. ആവിഷ്ക്കാര സ്വാതന്ത്രൃം ഞങ്ങള്‍ ഉറപ്പുനല്‍കുന്നു. അല്‍ ജസീറ വിഷയം ക്രിയാത്മകമായി ചര്‍ച്ച ചെയ്യണം '; ശൈഖ് മുഹമ്മദ് ദോഹയില്‍ പറഞ്ഞു.

ഖത്തര്‍ ആസ്ഥാനമായ അല്‍ ജസീറ ഗള്‍ഫ് മേഖലയെപറ്റി തെറ്റായ അഭിപ്രായ രൂപീകരണത്തിന് വഴിയൊരുക്കുന്നു എന്നായിരുന്നു യുഎഇയുടെയും സൗദിയുടെയും ഈജിപ്തിന്‍റെയും പരാതി.

മൂന്നര വര്‍ഷത്തിന് ശേഷമാണ് ഖത്തറിനെതിരായ ഉപരോധം ഗള്‍ഫ് രാജ്യങ്ങള്‍ അവസാനിപ്പിച്ചത്. ഖത്തറിനു മേല്‍ ഏര്‍പ്പെടുത്തിയ വ്യോമപാത, കടല്‍, കര ഗതാഗത വിലക്ക് സൗദി നീക്കിയതിനു ശേഷമാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഒരുമിച്ച് ജിസിസി ഉച്ചകോടിയില്‍ പങ്കെടുത്തത്. ഖത്തറുമായുള്ള കര, ജല, വ്യോമ ഗതാഗതം നാളെ പുനരാരംഭിക്കുമെന്ന് യു.എ.ഇയും അറിയിച്ചിട്ടുണ്ട്. എല്ലാ വിലക്കുകളും പിൻവലിച്ചതായും യു.എ.ഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Tags:    

Similar News