ഗായകന്‍ എം.എസ്.നസീം അന്തരിച്ചു
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
സ്‌റ്റേജ്- ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയനായ ഗായകന്‍ എം.എസ് നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് പത്ത് വര്‍ഷമായി ചികിത്സയിലായിരുന്നു.
മുവായിരത്തിലേറെ ഗാനമേളകളാണ് ഇന്ത്യയിലും പുറത്തുമായി അദ്ദേഹം നയിച്ചത്. ആകാശവാണിയിലേയും ദൂരദര്‍ശനിലേയും സജീവ സാന്നിധ്യം. 1990 ല്‍ ഇറങ്ങിയ 'അനന്തവൃത്താന്തം' എന്ന സിനിമയില്‍ ചിത്രയോടൊപ്പം 'നിറയും താരങ്ങളെ' എന്ന ഗാനം ആലപിച്ചു.
ഗായകനായി മാത്രം ഒതുങ്ങാതെ, മലയാളിയുടെ സിനിമ, നാടക, ഗസല്‍ സംഗീത ചരിത്രത്തെ കുറിച്ച് പഠിക്കുവാനും അത് ഭാവി തലമുറയ്ക്കായി രേഖപ്പെടുത്തുവാനും അദ്ദേഹം ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായി കഴക്കൂട്ടത്തെ തന്റെ മേടയില്‍ വീട് ഒരു സംഗീത മ്യൂസിയമാക്കി മാറ്റി. ദൂരദര്‍ശന്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്ത 'ആയിരം ഗാനങ്ങള്‍തന്‍ ആനന്ദലഹരി' എന്ന ഡോക്യുമെന്ററി, മലയാള ഗാനചരിത്രം രേഖപ്പെടുത്താന്‍ അദ്ദേഹം നടത്തിയ പരിശ്രമങ്ങളുടെ ഭാഗമായി നിര്‍മ്മിക്കപ്പെട്ടതാണ്.
നിരവധി ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ 'മിഴാവ്' എന്ന ചിത്രത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു. 1997ല്‍ മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമി പുരസ്‌കാരം, സംസ്ഥാന സര്‍ക്കാരിന്റെ ടി.വി അവാര്‍ഡ് നാലുതവണ, 2001ല്‍ കുവൈത്തിലെ സ്മൃതി എ.എം രാജ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.