'ധൈര്യമുണ്ടെകിൽ ഗുജറാത്തിൽ നിന്നും മത്സരിക്കൂ' രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് സ്‌മൃതി ഇറാനി
ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ
ധൈര്യമുണ്ടെങ്കിൽ ഗുജറാത്തിൽ നിന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്ര ടെക്‌സ്‌റ്റൈൽസ് മന്ത്രി സ്‌മൃതി ഇറാനി. ഗുജറാത്തിലെ നവസരി ജില്ലയിലെ വൻസ്ദാ, ചിക്ലി എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ താര പ്രചാരകരിൽ ഒരാളാണ് സ്‌മൃതി.
" ഗുജറാത്തിലെ ചെറുകിട കച്ചവടക്കാരൻ അസമിൽ നിന്നും തേയില വാങ്ങുകയാണെങ്കിൽ ഞാനവരുടെ പോക്കറ്റിൽ നിന്നും ആ പൈസ തിരിച്ചെടുക്കുമെന്ന് മുൻപ് അമേത്തിയിൽ നിന്നും എം.പി ആയിരുന്നയാൾ അസമിൽ പോയി പറഞ്ഞിരുന്നു. "
"നേരത്തെ അദ്ദേഹത്തിന് ചായക്കടക്കാരനോടായിരുന്നു പ്രശ്നമെങ്കിൽ ഇപ്പോൾ ചായയോടാണ് പ്രശ്നം. എനിക്കദ്ദേഹത്തോടു പറയാനുള്ളത്, താങ്കൾക്ക് ധൈര്യമുണ്ടെങ്കിൽ ഗുജറാത്തിൽ നിന്നും ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കൂ എന്നാണ്. അപ്പോൾ എല്ലാം വ്യക്തമാകും. " രാഹുൽ ഗാന്ധി അസം സന്ദർശന സമയത്ത് നടത്തിയ പ്രസംഗത്തെ പരാമർശിച്ച് സ്‌മൃതി ഇറാനി പറഞ്ഞു.
"തേയില തോട്ടത്തിലെ തൊഴിലാളികൾക്ക് 167 രൂപ ലഭിക്കുമ്പോൾ ഗുജറാത്തിൽ നിന്നുള്ള കച്ചവടക്കാർക്ക് തോട്ടങ്ങൾ തന്നെ ലഭിക്കുന്നു." അസമിലെ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവെ തൊഴിലാളികളുടെ വേതന വർദ്ധനവിനെ കുറിച്ച് പരാമർശിച്ച് ഇങ്ങനെ പറഞ്ഞിരുന്നു.
റാലികളിൽ കോൺഗ്രസ് നൽകുന്ന പ്രതിപക്ഷത്തെ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി കടന്നാക്രമിച്ചു. "അറുപത് വർഷത്തോളം ഇന്ത്യ ഭരിച്ചവർ പാവപ്പെട്ട കുടുംബങ്ങൾക്ക് വേണ്ടി ഒരു ശൗച്യാലയം പോലും നിർമ്മിച്ചിട്ടില്ല. രാജ്യത്തെ കോടിക്കണക്കിനു ദരിദ്ര കുടുംബങ്ങൾക്ക് ശൗച്യാലയം നിർമ്മിച്ചത് മോദിജിയാണ്. ഈ വരുന്ന തെരഞ്ഞെടുപ്പിൽ പാവപ്പെട്ടവന്റെ വീട്ടിലെ ശൗച്യാലയങ്ങൾ നോക്കൂ, എന്നിട്ട് അവ നിർമ്മിച്ചവർക്ക് വോട്ട് നൽകൂ " - അവർ പറഞ്ഞു.