കൊഹ്‍ലിക്കും ഡിവില്ലിയേഴ്സിനും ശതകം; ബാംഗ്ലൂരിന് 144 റണ്‍സിന്റെ പടുകൂറ്റന്‍ ജയം

Update: 2017-02-21 17:19 GMT
Editor : admin
കൊഹ്‍ലിക്കും ഡിവില്ലിയേഴ്സിനും ശതകം; ബാംഗ്ലൂരിന് 144 റണ്‍സിന്റെ പടുകൂറ്റന്‍ ജയം
Advertising

വിരാട് കൊഹ്‍ലിയും എബി ഡിവില്ലിയേഴ്‍സും സ്വന്തം തട്ടകത്തില്‍ റണ്‍സ് മഴ പെയ്യിച്ചപ്പോള്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‍സിന് ഐപിഎല്‍ ചരിത്രത്തിലെ കൂറ്റന്‍ ജയം.

വിരാട് കൊഹ്‍ലിയും എബി ഡിവില്ലിയേഴ്‍സും സ്വന്തം തട്ടകത്തില്‍ റണ്‍സ് മഴ പെയ്യിച്ചപ്പോള്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‍സിന് ഐപിഎല്‍ ചരിത്രത്തിലെ കൂറ്റന്‍ ജയം. മക്കല്ലം നയിക്കുന്ന ഗുജറാത്ത് ലയണ്‍സിനെ 144 റണ്‍സിനാണ് ബാംഗ്ലൂര്‍ തകര്‍ത്തെറിഞ്ഞത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ബാംഗ്ലൂര്‍ കൊഹ്‍ലിയുടെയും ഡിവില്ലിയേഴ്‍സിന്റെയും വെടിക്കെട്ട് സെഞ്ച്വറികളുടെ മികവില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയത് 248 റണ്‍സ്. മറുപടി ബാറ്റിങിനിറങ്ങിയ ഗുജറാത്ത് ലയണ്‍സ് പല്ലുകൊഴിഞ്ഞ സിംഹങ്ങളായി. 18.4 ഓവറില്‍ 104 റണ്‍സ് എടുക്കുമ്പോഴേക്കും ലയണ്‍സിലെ താരങ്ങള്‍ എല്ലാവരും കൂടാരം കയറിക്കഴിഞ്ഞിരുന്നു. ഫലം, ബാംഗ്ലൂരിന് 144 റണ്‍സിന്റെ ജയം.

പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഗുജറാത്ത് ലയണ്‍സും ആറാം സ്ഥാനത്തുള്ള ബാംഗ്ലൂരും ഏറ്റുമുട്ടിയപ്പോള്‍ കണക്കുകള്‍ മക്കല്ലത്തിന്റെ സിംഹക്കുട്ടികള്‍ക്കൊപ്പമായിരുന്നു. എന്നാല്‍ ഇനിയുള്ള ഒരു തോല്‍വി പോലും തലവര മാറ്റി വരക്കുമെന്ന തിരിച്ചറിവില്‍ നിന്നാണ് ബാംഗ്ലൂര്‍ പൊട്ടിത്തെറിച്ചത്. മാരക പ്രഹരശേഷിയോടെ ലയണ്‍സിന്റെ ബോളര്‍മാരെ തലങ്ങും വിലങ്ങും തല്ലിച്ചതച്ച കൊഹ്‍ലിയും ഡിവില്ലിയേഴ്‍സും റെക്കോര്‍ഡുകള്‍ പൊളിച്ചെഴുതുകയായിരുന്നു. തുടക്കത്തില്‍ തന്നെ കൂറ്റനടിക്കാരനായ ക്രിസ് ഗെയ്‍ല്‍(6) മടങ്ങിയെങ്കിലും പിന്നീടങ്ങോട്ട് കൊഹ്‍ലിക്കൊപ്പം ബാറ്റേന്തിയ ഡിവില്ലിയേഴ്‍സ് പ്രതികാരദാഹിയാകുകയായിരുന്നു. സീസണിലെ മൂന്നാം സെഞ്ച്വറിയാണ് കൊഹ്‌ലി നേടിയത്. അഞ്ചു ഫോറും എട്ടു സിക്‌സറുമടക്കം 55 പന്തില്‍ 109 റണ്‍സ് കൊഹ്‌ലി അടിച്ചുകൂട്ടി. ഡിവില്ലിയേഴ്‌സ് പുറത്താകാതെ 52 പന്തില്‍ 129 റണ്‍സ് എടുത്തു. 43 പന്തില്‍ സെഞ്ച്വറി തികച്ച ഡിവില്ലിയേഴ്‌സിന്റെ ബാറ്റില്‍ നിന്നു 10 ഫോറും 12 സിക്‌സുമാണ് പിറന്നത്.

മറുപടി ബാറ്റിങിനിറങ്ങി ഗുജറാത്തിന് ആദ്യം നഷ്ടമായത് ഏഴു റണ്‍സെടുത്ത ഡ്വെയ്‍ന്‍ സ്മിത്തി(7)ന്റെ വിക്കറ്റായിരുന്നു. പിന്നാലെ മക്കല്ലം(11) കൂടി പുറത്തായതോടെ ഗുജറാത്തിന്റെ വിജയപ്രതീക്ഷ അവസാനിച്ചു. മൂന്നു പേര്‍ മാത്രമാണ് ഗുജറാത്ത് നിരയില്‍ രണ്ടക്കം കടന്നത്. 38 പന്തില്‍ 37 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചാണ് ലയണ്‍സിന്റെ ടോപ് സ്‌കോറര്‍. ബാംഗളൂരുവിനുവേണ്ടി ക്രിസ് ജോര്‍ദാന്‍ നാലുവിക്കറ്റും ചാഹല്‍ മൂന്നു വിക്കറ്റും വീഴ്ത്തി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News