പരിക്കുകള്‍ വേട്ടയാടിയ കരിയര്‍; തിരിച്ചുവരവിന് നെഹ്റ ഒരുങ്ങുന്നു

Update: 2018-01-10 08:56 GMT
Editor : Alwyn K Jose
പരിക്കുകള്‍ വേട്ടയാടിയ കരിയര്‍; തിരിച്ചുവരവിന് നെഹ്റ ഒരുങ്ങുന്നു
Advertising

ഐപിഎല്ലിനിടയിലേറ്റ പരിക്കിനെ തുടര്‍ന്ന് രണ്ട് ശസ്ത്രക്രിയക്ക് വിധേയനായ നെഹ്റ പരിശീലനം പുനരാരംഭിച്ചു.

ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരായി നടക്കുന്ന ഏകദിന മത്സര പരമ്പരയിലൂടെ ടീമില്‍ തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയില്‍ ഇന്ത്യയുടെ വെറ്ററന്‍ പേസര്‍ ആശിഷ് നെഹ്റ. ഐപിഎല്ലിനിടയിലേറ്റ പരിക്കിനെ തുടര്‍ന്ന് രണ്ട് ശസ്ത്രക്രിയക്ക് വിധേയനായ നെഹ്റ പരിശീലനം പുനരാരംഭിച്ചു.

കരിയറിലുടനീളം പരിക്ക് വേട്ടയാടിയ ആശിഷ് നെഹ്റ ഇതിനോടകം തരണം ചെയ്തത് 11 ശസ്ത്രക്രിയകള്‍. ഈ വര്‍ഷത്തെ ഐപിഎല്ലിനിടെ കാല്‍മുട്ടിന്പരിക്കേറ്റ നെഹ്റയ്ക്ക് പിന്നാലെ ചിക്കുന്‍ഗുനിയ പിടിപെടുകയും ചെയ്തു. കടുത്ത സന്ധിവേദനയുമായി ബാംഗളൂരുവില്‍ നിന്നും ഡല്‍ഹിയിലെത്തിയ നെഹ്റ കഴിഞ്ഞ മെയില്‍ ലണ്ടനില്‍ രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയനായി. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നെഹ്റ ഇപ്പോള്‍ പരിശീലനം പുനരാരംഭിച്ചു. 2011 ലാണ് നെഹ്റ അവസാനമായി ഏകദിന മത്സരം കളിച്ചത്. എന്നാല്‍ ഐപിഎല്‍ മത്സരങ്ങളില്‍ സ്ഥിരതയുള്ള പ്രകടനം നടത്തുന്ന നെഹ്റ കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യയില്‍ നടന്ന ട്വന്റി 20 ലോകകപ്പ് ടീമില്‍ അംഗമായിരുന്നു. ഇന്ത്യന്‍ പേസ് നിരയുടെ നേതൃത്വവും നെഹ്റയ്ക്കായിരുന്നു. ട്വന്റി 20 മത്സരങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും ടീമിന് ആവശ്യമെങ്കില്‍ ഏകദിനങ്ങള്‍ കളിക്കാനാവുമെന്നും ഈ 37 കാരന്‍ പറയുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് മുമ്പ് കായിക ക്ഷമത വീണ്ടെടുക്കാനാവുമെന്നാണ് നെഹ്റയുടെ പ്രതീക്ഷ.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News