ലക്ഷ്മിപതി ബാലാജി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചിരിച്ചുകൊണ്ട് പന്തെറിയുകയും ബാറ്റ് ചെയ്യുകയും ചെയ്യുന്ന താരം എന്നാണ് ബാലാജി പൊതുവെ അറിയപ്പെടുന്നത്.
ഇന്ത്യന്‍ താരം ലക്ഷ്മിപതി ബാലാജി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാലാജി ഇക്കാര്യമറിയിച്ചത്. എന്നാല്‍ ഐ.പി.എല്ലിലും തമിഴ്നാട് പ്രീമിയര്‍ ലീഗിലും ബാലാജി കളിക്കും. രാജ്യാന്തര ക്രിക്കറ്റില്‍ 2002 ലായിരുന്നു ബാലാജിയുടെ അരങ്ങേറ്റം. 2004ല്‍ പാകിസ്ഥാനെതിരെ ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയപ്പോള്‍ തകര്‍പ്പന്‍ പ്രകടനമാണ് ബാലാജി നടത്തിയത്. ഈ മികവ് ജനപ്രിയ ക്രിക്കറ്റ് താരമായി ബാലാജിയെ ഉയര്‍ത്തി. കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തന്നെ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെക്കാന്‍ സാധിച്ച താരമാണ് അദ്ദേഹം.
ഇന്ത്യക്ക് വേണ്ടി എട്ട് ടെസ്റ്റും 30 ഏകദിനവും അഞ്ച് ട്വന്റി-20 യും ബാലാജി കളിച്ചിട്ടുണ്ട. 'ടെസ്റ്റില്‍ 27 ഉം ഏകദിനത്തില്‍ 34 ടി 20യില്‍ 10 വിക്കറ്റും വിക്കറ്റും ബാലാജി സ്വന്തമാക്കിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 330 വിക്കറ്റ് നേടി. മികച്ച പ്രകടനം കാഴച്ചവെക്കാനാവാത്തതും പരുക്കും ബാലാജിക്ക് തിരിച്ചടിയായി. വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് ബാലാജി പറഞ്ഞത് ഇങ്ങനെ. എനിക്കിപ്പോള്‍ ചെറിയ ഒരു കുടുംബമുണ്ട്, 16 വര്‍ഷം ഞാന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിച്ചു. ഐപി എല്ലിലും തമിഴ്നാട് പ്രീമിയര്‍ ലീഗിലും ഇനി കളിക്കും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചിരിച്ചുകൊണ്ട് പന്തെറിയുകയും ബാറ്റ് ചെയ്യുകയും ചെയ്യുന്ന താരം എന്നാണ് ബാലാജി പൊതുവെ അറിയപ്പെടുന്നത്.