ടെസ്റ്റ് പരമ്പരക്കില്ലെന്ന് ഡിവില്ലിയേഴ്സ്; 'കളി' നടക്കില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്

Update: 2018-06-04 18:42 GMT
Editor : admin
ടെസ്റ്റ് പരമ്പരക്കില്ലെന്ന് ഡിവില്ലിയേഴ്സ്; 'കളി' നടക്കില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്
Advertising

തെരഞ്ഞെടുത്ത ചില ടെസ്റ്റുകള്‍ മാത്രം കളിക്കാനുള്ള ഡിവില്ലിയേഴ്സിന്‍റെ പദ്ധതി നടക്കില്ലെന്നും ടെസ്റ്റ് ടീമില്‍ താരം ഒരു അനിവാര്യതയല്ലെന്നും ക്രിക്കറ്റ് സൌത്ത് ആഫ്രിക്ക ചീഫ് എക്സിക്യൂട്ടീവ് ഹരൂണ്‍ ലോര്‍ഗെറ്റ്

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള എബി ഡിവില്ലിയേഴ്സിന്‍റെ തീരുമാനത്തെച്ചൊല്ലി വിവാദം പുകയുന്നു. തെരഞ്ഞെടുത്ത ചില ടെസ്റ്റുകള്‍ മാത്രം കളിക്കാനുള്ള ഡിവില്ലിയേഴ്സിന്‍റെ പദ്ധതി നടക്കില്ലെന്നും ടെസ്റ്റ് ടീമില്‍ താരം ഒരു അനിവാര്യതയല്ലെന്നും ക്രിക്കറ്റ് സൌത്ത് ആഫ്രിക്ക ചീഫ് എക്സിക്യൂട്ടീവ് ഹരൂണ്‍ ലോര്‍ഗെറ്റ് വ്യക്തമാക്കി. ഏകദിന ടീമിന്‍റെ നായകനായതിനാല്‍ എല്ലാ മത്സരവും ഡിവില്ലിയേഴ്സ് കളിക്കുമെന്നും ലോര്‍ഗെറ്റ് കൂട്ടിച്ചേര്‍ത്തു. പരിക്കിനെ തുടപ്‍ന്ന് ഓഗസ്റ്റ് മുതല്‍ വിശ്രമത്തിലുള്ള ഡിവില്ലിയേഴ്സ് ഈ മാസം 25ന് ശ്രീലങ്കക്കെതിരെ നടക്കുന്ന മൂന്നാം ട്വന്‍റി20 മത്സരത്തില്‍ കളിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

2019 ഏകദിന ലോകകപ്പാണ് താന്‍ ലക്ഷ്യംവയ്ക്കുന്നതെന്നും മാര്‍ച്ചില്‍ ന്യൂസിലാന്‍ഡിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ തന്‍റെ സേവനം ലഭിക്കുകയില്ലെന്നുമായിരുന്നു ഡിവില്ലിയേഴ്സിന്‍റെ വാക്കുകള്‍. എന്നാല്‍ കളത്തിലേക്ക് തിരിച്ചെത്തിയാല്‍ പിന്നെ ഇടവേളകളില്ലാതെ കളിക്കണമെന്നും മത്സരങ്ങള്‍ തെരഞ്ഞെടുത്ത് കളിക്കാനും ഉപേക്ഷിക്കാനും കളിക്കാരെ അനുവദിക്കില്ലെന്നുമാണ് ക്രിക്കറ്റ് സൌത്ത് ആഫ്രിക്കയുടെ നിലപാട്.

ഏകദിനത്തില്‍ ഡിവില്ലിയേഴ്സാണ് നായകന്‍. എന്നാല്‍ ടെസ്റ്റില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഇതിനോടകം സ്ഥിരത കൈവരിച്ച ഒരു സംഘം കളിക്കാരുടെ മികച്ച ഒരു ടീം ഞങ്ങള്‍ക്കുണ്ട്. ആരുടെയും അഭാവം പ്രകടമാകാത്ത തരത്തിലുള്ള മികച്ചൊരു പിന്‍നിരയും സജ്ജമാണ്. ഡിവില്ലിയേഴ്സ് ഏകദിന നായകനായിരുന്നില്ലെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമാകുമായിരുന്നു. ട്വന്‍റി20യുടെ കാര്യത്തിലായാലും പ്രതിഭ സമ്പന്നരുടെ നീണ്ട നിര ഞങ്ങള്‍ക്കുണ്ട്, ഡിവില്ലിയേഴ്സ് നായകനുമല്ല. എന്നാല്‍ ടീം കളിക്കുന്ന എല്ലാ ഏകദിനങ്ങളും ഡിവില്ലിയേഴ്സ് കളിക്കും - അയാളാണ് ടീം നായകനെന്നതിനാല്‍ - ലോര്‍ഗെറ്റ് പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News