ആദ്യ ജയം തേടി സ്പെയിനും പോര്‍ച്ചുഗലും ഇന്നിറങ്ങും
മൊറോക്കോയാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍. ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗലിനോട് സമനില വഴങ്ങേണ്ടി വന്ന സ്പെയിന്‍ ഇറാനോട് ഏറ്റുമുട്ടും
ലോകകപ്പില്‍ ആദ്യ ജയം തേടി സ്പെയിനും പോര്‍ച്ചുഗലും ഇന്നിറങ്ങും. മൊറോക്കോയാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍. ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗലിനോട് സമനില വഴങ്ങേണ്ടി വന്ന സ്പെയിന്‍ ഇറാനോട് ഏറ്റുമുട്ടും. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഉറുഗ്വെയ്ക്ക് സൌദി അറേബ്യയാണ് എതിരാളികള്‍.
കരുത്തരായ സ്പെയിനിനെ സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പോര്‍ച്ചുഗലിന്റെ വരവ്. സ്പെയിനിനെതിരെ ഹാട്രിക് നേടിയ സൂപ്പര്‍ താരം റൊണാള്‍ഡോയില്‍ തന്നെയാണ് ടീമിന്റെ പ്രതീക്ഷയത്രയും. മറുഭാഗത്ത് നന്നായി കളിച്ചിട്ടും ഇറാനെതിരെ തോല്‍വി വഴങ്ങിയ ടീമാണ് മൊറോക്കോ. ഈ കളി കൂടി തോറ്റാല്‍ അവരുടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ അവസാനിക്കും. അവസരങ്ങള്‍ ഗോളാക്കാന്‍ കഴിയാത്തതാണ് ടീമിന്റെ പ്രതിസന്ധി. റൊണാള്‍ഡോയുടെ മുന്നേറ്റങ്ങളെ പ്രതിരോധിക്കുന്നതിലും കോച്ച് റെനാര്‍ഡ് തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കേണ്ടി വരും.
ആദ്യ മത്സരം ഈജിപ്തിനെതിരെ സ്വന്തമാക്കിയ ഉറുഗ്വെയ്ക്ക് ഇന്ന് സൌദിക്കെതിരെ വിജയിക്കുകയോ സമനില നേടുകയോ ചെയ്താല്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാം. അതോടെ ഈജിപ്തും സൌദി അറേബ്യയും പുറത്താകും. വരാനിരിക്കുന്ന ഉറുഗ്വെ - റഷ്യ മത്സരം ഗ്രൂപ്പ് ചാമ്പ്യന്മാരെ നിര്‍ണയിക്കുകയും ചെയ്യും. സൌദി അറേബ്യയാണെങ്കില്‍ റഷ്യക്കെതിരെ 5 ഗോള്‍ വഴങ്ങിയതിന്റെ ഞെട്ടലിലാണ്. സുവാരസിന്റേയും കവാനിയുടേയും മുന്നേറ്റങ്ങളെ തടുക്കാന്‍ റഷ്യക്കെതിരെ പുറത്തെടുത്ത കളി മതിയാകില്ല അവര്‍ക്ക്. രാത്രി എട്ടരക്ക് റോസ്റ്റോവ് അരേനയിലാണ് മത്സരം.
മൂന്നാം മത്സരത്തില്‍ ഇറാനാണ് സ്പെയിനിന്റെ എതിരാളികള്‍. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരാണ് ഇറാന്‍. സ്പെയിനില്‍ ഫിനിഷറുടെ റോള്‍ കൃത്യമായി ചെയ്യുന്നുണ്ട് ഡീഗോ കോസ്റ്റ. പ്രതിരോധത്തിലാണ് സ്പെയിനിന്റെ ആശങ്കകള്‍. മത്സരം സ്വന്തമാക്കി കിരീട മോഹങ്ങളെ വീണ്ടും സജീവമാക്കാന്‍ ഉറച്ചാകും സ്പെയിന്‍ ഇറങ്ങുക. രാത്രി 11.30ന് കസാന്‍ അരേനയിലാണ് മത്സരം.