കോതമംഗലം സെന്റ് ജോർജ് സ്കൂളിന് ആവേശോജ്ജ്വല സ്വീകരണം

വിജയകിരീടവുമായി നാട്ടില്‍ തിരിച്ചെത്തിയ മിന്നും താരങ്ങളെ സ്വീകരിക്കാന്‍ നിരവധി കായിക പ്രേമികളും നാട്ടുകാരുമാണ് ഒത്തു ചേര്‍ന്നത്

Update: 2018-10-30 01:23 GMT
Advertising

അറുപത്തിരണ്ടാമത് സ്കൂൾ കായികമേളയിൽ ഓവറോള്‍ ചാമ്പ്യന്മാരായ കോതമംഗലം സെന്റ് ജോർജ് സ്കൂളിന് ആവേശോജ്ജ്വല സ്വീകരണം . വിജയകിരീടവുമായി നാട്ടില്‍ തിരിച്ചെത്തിയ മിന്നും താരങ്ങളെ സ്വീകരിക്കാന്‍ നിരവധി കായിക പ്രേമികളും നാട്ടുകാരുമാണ് ഒത്തു ചേര്‍ന്നത്. കോതമംഗലം നഗരസഭയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

സംസ്ഥാന സ്കൂള്‍ കായികമേളയെ തങ്ങളുടേത് മാത്രമാക്കി മാറ്റിയ ചാമ്പ്യന്‍മാര്‍ക്ക് ആവേശോജ്വല സ്വീകരണമാണ് നാടൊരുക്കിയത്. സെന്റ് ജോർജ് സ്കൂളിൽ നിന്ന് ആരംഭിച്ച സ്വീകരണ റാലി ടൗൺ ചുറ്റി കോതമംഗലം മുനിസിപ്പാലിറ്റിക്ക് മുന്‍പിലാണ് അവസാനിച്ചത്.

നൂറ് കണക്കിന് കായിക പ്രേമികളും നാട്ടുകാരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. മുനിസിപ്പൽ പ്രതിപക്ഷ നേതാവ് കെ.എ നൗഷാദ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.യോഗത്തില്‍ കായിക പരിശീലകൻ രാജു പോളിനെ ചെയർപേഴ്സൻ മഞ്ചു സിജു പൊന്നാട നൽകി ആദരിച്ചു. 35 വർഷത്തെ കായികാദ്ധ്യാപക ജീവിതത്തില്‍ നിന്ന് വിരമിക്കുമ്പോൾ സെന്റ്. ജോർജ് സ്കൂളിനെ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് രാജു പോൾ . തിരുവനന്തപുരത്ത് നടന്ന കായിക മേളയില്‍ 25 വിദ്യാര്‍ഥികളുമായെത്തിയാണ് സെന്റ് ജോർജ് സ്കൂള്‍ ഒന്നാമതെത്തിയത്. മുന് ചാമ്പ്യന്മാരും അയല്‍വാസികളുമായ മാര്‍ ബേസില്‍ സ്കൂളാണ് രണ്ടാം സ്ഥാനക്കാര്‍.

Tags:    

Similar News