ഫ്രഞ്ച് പ്രസിഡണ്ടിന്റെ ഇസ്‌ലാം വിരുദ്ധ പരാമർശം; പോഗ്ബ വിരമിച്ചതായി റിപ്പോർട്ട്

മാക്രോണിന്റെ ഇസ്ലാം വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ചാണ് പോഗ്ബ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കുന്നതെന്ന് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്ത '195സ്‌പോർട്‌സ്' എന്ന അറബി പോർട്ടൽ പറയുന്നു.

Update: 2020-10-26 09:30 GMT
Advertising

പാരിസ്: ആഗോള ഭീകരവാദത്തിന്റെ ഉറവിടം ഇസ്ലാമാണെന്ന ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് ഫ്രഞ്ച് മിഡ്ഫീൽഡറും ലോകകപ്പ് നേടിയ സംഘത്തിലെ പ്രമുഖതാരവുമായ പോൾ പോഗ്ബ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചതായി റിപ്പോർട്ട്. ചില പശ്ചിമേഷ്യൻ മാധ്യമങ്ങളും ദി സൺ അടക്കമുള്ള യൂറോപ്യൻ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്‌തെങ്കിലും പോഗ്ബയോ ഫ്രഞ്ച് ഫുട്‌ബോൾ അസോസിയേഷനോ ഇത് സ്ഥിരീകരിച്ചിട്ടില്ല.

പ്രവാചകനിന്ദ ആരോപിക്കപ്പെട്ട് സാമുവൽ പാറ്റി എന്ന അധ്യാപകൻ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഫ്രഞ്ച് പ്രസിഡണ്ട് വിവാദ പരാമർശം നടത്തിയത്. 47-കാരനായ പാറ്റിയെ തലയറുത്തു കൊലപ്പെടുത്തിയയാളെ ഫ്രഞ്ച് പൊലീസ് വെടിവെച്ചു കൊന്നിരുന്നു. അധ്യാപകന്റെ ജീവനെടുത്ത സംഭവം ഇസ്ലാമിക ഭീകരവാദമാണെന്നു പ്രഖ്യാപിച്ച ഇമ്മാനുവൽ മാക്രോൺ മുസ്ലിം ആരാധനാലയങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തു. സാമുവൽ പാറ്റിക്ക് പരമോന്ന ബഹുമതിയായ ഫ്രഞ്ച് ലിജ്യൻ ഡിഓണർ നൽകാനും ഭരണകൂടം തീരുമാനിച്ചു.

മാക്രോണിന്റെ ഇസ്ലാം വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ചാണ് 27-കാരനായ പോഗ്ബ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കുന്നതെന്ന് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്ത '195സ്‌പോർട്‌സ്' എന്ന അറബി പോർട്ടൽ പറയുന്നു. മാക്രോണിന്റെ വാക്കുകളും അധ്യാപകന് മരണാനന്തര ബഹുമതി നൽകാനുള്ള തീരുമാനവും താനടക്കമുള്ള മുസ്ലിംകളോടുള്ള അവഹേളനമാണെന്ന് പോഗ്ബ കരുതുന്നതായും റിപ്പോർട്ടിലുണ്ട്. ഫ്രാൻസിൽ കൃസ്തുമതം കഴിഞ്ഞാൽ ഏറ്റവുമധികം അംഗങ്ങളുള്ള മതമാണ് ഇസ്ലാം.

ഗിനിയയിൽ നിന്ന് ഫ്രാൻസിലേക്ക് കുടിയേറിയ മാതാപിതാക്കൾക്കു പിറന്ന പോഗ്ബ ഇസ്ലാംമത ആചാരാനുഷ്ഠാനങ്ങൾ പാലിക്കുന്നയാളാണ്. ഇരട്ട പൗരത്വമുള്ളതിനാൽ ഫ്രഞ്ച്, ഗിനിയൻ ദേശീയ ടീമുകൾക്കു വേണ്ടി കളിക്കാൻ യോഗ്യതയുള്ള താരം ഫ്രാൻസ് അണ്ടർ 16 ടീമിലൂടെയാണ് അന്താരാഷ്ട്ര ഫുട്‌ബോളിൽ അരങ്ങേറിയത്. ഫ്രഞ്ച് സീനിയർ ടീമിൽ 72 മത്സരം കളിച്ച താരം 10 ഗോൾ നേടി. നിലവിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് താരമാണ്.

Tags:    

Similar News