വീണ്ടും വൈഭവ് വൈബ്; ഇംഗ്ലണ്ടിനെ തകർത്ത് അണ്ടർ 19 ലോക കിരീടം ഇന്ത്യക്ക്

Update: 2026-02-06 16:31 GMT
Editor : safvan rashid | By : Sports Desk

ഹരാരെ: അണ്ടർ 19 ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഹരാരെയിൽ നടന്ന കലാശപ്പോരിൽ ഇംഗ്ലണ്ടിനെ 100 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ആറാം കിരീടം ചൂടിയത്. 80 പന്തിൽ നിന്ന് 175 റൺസ് നേടിയ വൈഭവിന്റെ കരുത്തിലാണ് ആദ്യം ബാറ്റുചെയ്ത ഇന്ത്യ 411 റൺസുയർത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 311 റൺസിൽ അവസാനിച്ചു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഒൻപത് റൺസെടുത്ത ആരോൺ ജോർജിനെയാണ് ആദ്യം നഷ്ടമായത്. എന്നാൽ പിന്നാലെയെത്തിയ ക്യാപ്റ്റൻ ആയുഷ് മാത്രയെ (53) കൂട്ടുപിടിച്ച് ​​​വൈഭവ് അടിച്ചുതുടങ്ങിയതോടെ ഇന്ത്യയുടെ സ്കോർ കുതിച്ചുയർന്നു. 15 ബൗണ്ടറികളും 15 സിക്സറുകളുമാണ് വൈഭവിന്റെ ബാറ്റിൽ നിന്നും പിറന്നത്. പിന്നാലെയെത്തിയ വിഹാൻ മൽഹോത്ര (30), അഭിഗ്യാൻ കുണ്ടു (40) എന്നിവരും തിളങ്ങി. അവസാന ഓവറുകളിൽ 20 പന്തിൽ നിന്നും 37 റൺസെടുത്ത കനിഷ്ക് ചൗഹാന്റെ ബാറ്റിങ്ങാണ് ഇന്ത്യ​യെ 400 കടത്തിയത്.

മറുപടി ബാറ്ററിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 177 ന് 7 എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. എന്നാൽ ബൗളർമാരെയും കൂട്ടുപിടിച്ച് കലെബ് ഫാൽകണർ നടത്തിയ (67 പന്തിൽ 115 റൺസ്) പ്രകടനമാണ് ഇംഗ്ലണ്ടിനെ 300 കടത്തിയത്. ഇന്ത്യക്കായി ആർ.എസ് അംബ്രിഷ് 56 റൺസെടുത്തു.

അണ്ടർ-19 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് വൈഭവിന്റേത്. മത്സരത്തിലെ താരമായും ടൂർണമെന്റിലെ താരമായും വൈഭവ് തെരഞ്ഞെടുക്കപ്പെട്ടു.  

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News