ഗാസി എന്നും ഗസ്സക്കൊപ്പം; ഗസ്സയിലെ കുഞ്ഞുങ്ങൾക്ക് 4.69 കോടി നൽകുമെന്ന് ഡച്ച് ഫുട്ബോള്‍ താരം

ഫലസ്തീന്‍ അനുകൂല നിലപാടിന്‍റെ പേരില്‍ തന്നെ പുറത്താക്കിയ ജര്‍മന്‍ ക്ലബ്ബ് മെയിന്‍സിന് രണ്ട് കാര്യങ്ങള്‍ക്ക് നന്ദി പറഞ്ഞ് ഗാസിയുടെ കുറിപ്പ്

Update: 2024-08-26 10:50 GMT

anwar el ghazi

ഗസ്സയിൽ ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് സഹായഹസ്തവുമായി ഡച്ച് ഫുട്‌ബോൾ താരം അൻവർ എൽ ഗാസി. 5 ലക്ഷം യൂറോയാണ് (ഏതാണ്ട് നാലരക്കോടി) താരം ഗസ്സയിലെ കുഞ്ഞുങ്ങൾക്ക് സംഭാവന നൽകിയത്. നേരത്തേ ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരിൽ ഗാസിയെ ജർമൻ ബുണ്ടസ് ലീഗ ക്ലബ്ബായ മെയിൻസ് പുറത്താക്കിയിരുന്നു. മെയിൻസ് തനിക്ക് നൽകാനുള്ള പ്രതിഫലത്തുകയിൽ നിന്നാണ് ഗാസി വലിയൊരു തുക ഗസ്സക്ക് നൽകാൻ തീരുമാനിച്ചത്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് താരം ഇക്കാര്യം അറിയിച്ചത്.

'രണ്ട് കാര്യങ്ങൾക്ക് മെയിൻസിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഒന്ന് എനിക്ക് തരാനുള്ള ഭീമമായ പ്രതിഫലത്തുകക്കാണ്. അതിൽ നിന്ന് അഞ്ച് ലക്ഷം യൂറോ ഞാൻ ഗസ്സയിലെ കുഞ്ഞുങ്ങൾക്ക് നൽകും. രണ്ടാമതായി നന്ദി പറയുന്നത്  എന്നെ നിശബ്ദമാക്കാൻ ശ്രമിച്ചതിലൂടെ ഗസ്സയില്‍ അടിച്ചമർത്തപ്പെടുന്നവർക്ക് വേണ്ടിയുള്ള എന്‍റെ ശബ്ദത്തെ കൂടുതൽ ഉച്ചത്തിലാക്കിയതിനാണ്'- ഗാസി കുറിച്ചു.

Advertising
Advertising

'ജോർദാൻ നദി മുതൽ മെഡിറ്ററേനിയൻ കടൽ വരെ, ഫലസ്തീൻ സ്വതന്ത്രമാകും'. ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശം കൊടുമ്പിരി കൊള്ളുമ്പോൾ എൽ ഗാസി സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയാണ്. ഉടൻ നടപടിയെടുത്ത മെയിന്‍സ് താരത്തെ പുറത്താക്കി. ഇതോടെ താരം കോടതിയെ സമീപിച്ചു. ക്ലബ്ബിന്റെ നടപടി തെറ്റാണെന്ന് വിലയിരുത്തിയ കോടതി താരത്തിന്റെ പ്രതിമാസ ശമ്പളമായ 1,50,000 യൂറോ  നൽകണമെന്ന് ക്ലബ്ബിനോട് നിർദേശിച്ചു. നേരത്തെ ഇംഗ്ലീഷ് ക്ലബ്ബായ ആസ്റ്റൺ വില്ലക്കും എവർട്ടണും വേണ്ടി കളിച്ചിട്ടുള്ള ഗാസി നിലവിൽ കാർഡിഫ് സിറ്റിയുടെ താരമാണ്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News