എറിഞ്ഞ നാലും മെയ്ഡൻ ഓവറുകൾ: വരുന്നു, വിദർഭയുടെ അത്ഭുത സ്പിന്നർ...

റൺസൊന്നും വിട്ടുകൊടുത്തില്ലെന്ന് മാത്രമല്ല, രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. സയിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിലാണ് അന്താരാഷ്ട്ര-ആഭ്യന്തര മത്സരങ്ങളിലൊന്നും പിറക്കാത്തൊരു റെക്കോർഡുമായി അക്ഷയ് തരംഗമായത്.

Update: 2021-11-09 10:43 GMT
Editor : rishad | By : Web Desk
Advertising

ടി20യിൽ ഒരു ബൗളർക്ക്‌ അനുവദനീയമായ നാല് ഓവർ എറിഞ്ഞിട്ടും റൺസ് വിട്ടുകൊടുക്കാതെ അത്ഭുതം സൃഷ്ടിച്ച് വിദർഭയുടെ അക്ഷയ് കർനേവർ. റൺസൊന്നും വിട്ടുകൊടുത്തില്ലെന്ന് മാത്രമല്ല, രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. സയിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിലാണ് അന്താരാഷ്ട്ര-ആഭ്യന്തര മത്സരങ്ങളിലൊന്നും പിറക്കാത്തൊരു റെക്കോർഡുമായി അക്ഷയ് തരംഗമായത്. മണിപ്പൂരിനെതിരായ മത്സരത്തിലായിരുന്നു അക്ഷയിന്റെ മിന്നും പ്രകടനം.

ആദ്യം ബാറ്റ് ചെയ്ത വിദർഭ 20 ഓവറിൽ നേടിയത് 222 എന്ന പടുകൂറ്റൻ സ്‌കോർ. ജിതേഷ് ശർമ്മ(72) അപൂർവ് വാങ്കഡെ(71) എന്നിവരുടെ ഇന്നിങ്‌സുകളാണ് വിദർഭക്ക് സീസണിലെ മികച്ച സ്‌കോർ നേടിക്കൊടുത്തത്. മറുപടി ബാറ്റിങിൽ മണിപ്പൂർ 16.3 ഓവറിൽ 55 റൺസിന് എല്ലാവരും പുറത്തായി. 167 റൺസിന്റെ കൂറ്റൻ ജയവും വിദർഭ നേടി. ഇടംകയ്യൻ സ്പിൻ ബൗളറാണ് അക്ഷയ് കർനേവർ. അക്ഷയ്‌ന് പുറമെ മറ്റൊരു സ്പിന്നറായ അതർവ ടയ്ഡും രണ്ട് വിക്കറ്റ് നേടി. അതർവയും റൺസൊന്നും വിട്ട്‌കൊടുക്കാതെയായിരുന്നു രണ്ട് വിക്കറ്റ് വീഴ്ത്തിയത്.

എന്നാൽ അതർവ ഒരൊറ്റ ഓവർ മാത്രമാണ് എറിഞ്ഞത്. നാല് ഓവർ എറിഞ്ഞിട്ടും റൺസൊന്നും വിട്ട് നൽകിയില്ല എന്നതാണ് അക്ഷയ്‌നെ വ്യത്യസ്തനാക്കുന്നത്. കരൺജിത്ത് യമുന(18) നർസിങ് യാദവ് (10) എന്നിവരാണ് രണ്ടക്കം കടന്ന മണിപ്പൂർ ബാറ്റ്‌സ്മാൻ. ബാക്കിയുള്ളവർക്കൊന്നും ഒന്നും അടയാളപ്പെടുത്താനായില്ല. വിദർഭക്ക് വേണ്ടി മികച്ച പ്രകടനമാണ് അക്ഷയ് പുറത്തെടുക്കുന്നത്. നാല് മത്സരങ്ങളിൽ നിന്ന് ആറു വിക്കറ്റുകൾ ഇതുവരെ നേടി. ന്യൂസിലാൻഡിനെതിരെ ഈ മാസം തുടങ്ങാനിരിക്കുന്ന ടി20 പരമ്പരയിലേക്കുള്ള ടീമിൽ അക്ഷയ് ഇടം നേടുമോ എന്നാണ് ഇനി അറിയേണ്ടത്. 

രാഹുൽ ദ്രാവിഡ് പരിശീലകനായി ചുമതലയേറ്റെടുത്ത ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയാണ് ന്യൂസിലാൻഡിനെതിരെ നടക്കാനുള്ളത്. യുവകളിക്കാർക്ക് എന്നും പരിഗണന കൊടുക്കുന്ന പ്രകൃതമാണ് ദ്രാവിഡിന്. ഇപ്പോൾ തന്നെ നിരവധി യുവതാരങ്ങൾ ടീം ഇന്ത്യയിലേക്കുള്ള വിളി കാത്ത് കഴിയുന്നുണ്ട്. ന്യൂസിലാൻഡിനെതിരായ പരമ്പര ഒരുപിടി യുവകളിക്കാരെ ഉൾകൊള്ളിച്ചാവും എന്നാണ് വരുന്ന റിപ്പോർട്ടുകൾ.


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News