കുംബ്ലെ തിരിച്ചുവരില്ല, ലക്ഷ്മണനും സാധ്യതയില്ല, ബിസിസിഐ തേടുന്നത് വിദേശ കോച്ചിനെ

അടുത്ത മാസം തുടങ്ങുന്ന ട്വന്റി20 ലോകകപ്പിനു ശേഷം രവിശാസ്ത്രിയുമായുള്ള ബിസിസിഐയുടെ കരാര്‍ അവസാനിക്കും.

Update: 2021-09-28 16:36 GMT
Editor : abs | By : Web Desk
Advertising

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരീശീലക സ്ഥാനത്തേക്ക് അനില്‍ കുംബ്ലെ തിരിച്ചെത്തില്ലെന്ന് റിപ്പോര്‍ട്ട്. വീണ്ടും പരിശീലകസ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് കുംബ്ലെ ബിസിസിഐയെ അറിയിച്ചതായാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. വിവിഎസ് ലക്ഷ്മണനെയും പരിഗണിച്ചേക്കില്ല. 

ബിസിസിഐ അധ്യക്ഷനായിരുന്ന ഗാംഗുലിക്ക് മാത്രമായിരുന്നു കുംബ്ലെ മടങ്ങി വരണമെന്ന് ആഗ്രഹം. മറ്റംഗങ്ങള്‍ ഇതിനെ എതിര്‍ത്തു. നേരത്തെ ഇന്ത്യന്‍ പരിശീലകനായിരിക്കെ അഭിപ്രായ ഭിന്നത നിലനിന്ന കോഹ്‌‍ലി അടക്കമുള്ള താരങ്ങളെ തന്നെ കുംബ്ലെയ്ക്ക് വീണ്ടും അഭിമുഖീകരിക്കേണ്ടിവരുന്ന സാഹചര്യവും ബിസിസിഐ പരിഗണിച്ചിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തം വെളിപ്പെടുത്തിയത്. ''അദ്ദേഹം പരിശീലകനായ പഞ്ചാബ് കിങ്സിന്‍റെ അവസ്ഥ നോക്കൂ.. വിവിഎസ് ലക്ഷ്മണനും പരിശീലക സ്ഥാനത്തേക്ക് പറ്റില്ല. കുംബ്ലെ മടങ്ങിവന്നാലും കോഹ്‌‍ലിയെ പോലുള്ളവരെ പിന്നെയും അഭിമുഖീകരിക്കേണ്ടി വരില്ലേ...?  ഒരു മാസം കൂടി ബാക്കിയുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം.'' ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് എഐഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയുടെ ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോഡിനെ പരിഗണിച്ചിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. വിദേശ കളിക്കാരെ ആരെങ്കിലും കൊണ്ടു വരാനാണ് ബിസിസിഐയുടെ ശ്രമം. ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനയെ ആലോചിച്ചിരുന്നു. നിലവില്‍ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനാണ് ജയവര്‍ധനെ.

2017 ലാണ് കുംബ്ലെ ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് നിന്നും രാജി വയ്ക്കുന്നത്. കോഹ്‌‍ലിയുമായുള്ള  അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നായിരുന്നു രാജി. കുംബ്ലെ രാജിവച്ച ഒഴിവിലേക്കാണ് രവിശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവുന്നത്. അടുത്ത മാസം തുടങ്ങുന്ന ട്വന്റി20 ലോകകപ്പിനു ശേഷം രവിശാസ്ത്രിയുമായുള്ള ബിസിസിഐയുടെ കരാര്‍ അവസാനിക്കും.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News