'അത് എന്റെ വലിയ പിഴവ്'; കോപ ഡെൽറേ ഫൈനലിലെ മോശം പെരുമാറ്റത്തിൽ മാപ്പു പറഞ്ഞ് റൂഡിഗർ

റഫറിക്കെതിരായ പെരുമാറ്റത്തിൽ താരത്തിന് ചുവപ്പ് കാർഡ് ലഭിച്ചിരുന്നു

Update: 2025-04-27 13:42 GMT
Editor : Sharafudheen TK | By : Sports Desk

സെവിയ്യ: കോപ ഡെൽറേ ഫൈനലിനിടെ റഫറിയുടെ തീരുമാനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചതിൽ മാപ്പുപറഞ്ഞ് റയൽ മാഡ്രിഡ് താരം ആന്റോണിയോ റൂഡിഗർ. അത്യന്തം ആവേശകരമായ ഫൈനലിൽ റയലിനെ തോൽപ്പിച്ച് ബാഴ്‌സലോണ കിരീടം ചൂടിയിരുന്നു. ഇഞ്ചുറി ടൈമിൽ ജൂൾഡ് കുൺഡെ നേടിയ ഗോളിലാണ് കറ്റാലൻ സംഘം സീസണിലെ മൂന്നാം എൽക്ലാസികോയും ജയിച്ചത്. മത്സരത്തിന്റെ അവസാന മിനിറ്റുകളിലാണ് റഫറിയുടെ തീരുമാനത്തിൽ പരസ്യമായി പ്രതികരിച്ച് റയൽ പ്രതിരോധ താരം രംഗത്തെത്തിയത്. റയൽ ഡഗൗട്ടിൽ നിന്ന് ഐസ് കട്ടയെടുത്ത് റഫറിക്ക് നേരെ എറിയുകയും പ്രതിഷേധിക്കുകയും ചെയ്യുകയായിരുന്നു. ഗ്രൗണ്ടിലേക്ക് ഇറങ്ങാനായി ശ്രമിച്ച ജർമൻ താരത്തെ സഹകളിക്കാർ പിടിച്ചുമാറ്റുകയായിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്ന പശ്ചാത്തലത്തിലാണ് താരം മാപ്പുപറഞ്ഞ് രംഗത്തെത്തിയത്.

Advertising
Advertising

 ''ഇന്നലെ രാത്രിയിൽ റഫറിക്കെതിരെ നടത്തിയ പ്രതികരണത്തിൽ യാതൊരു ന്യായവുമില്ല. സംഭവത്തിൽ ഖേദിക്കുന്നു. രണ്ടാം പകുതി മുതൽ ഞങ്ങൾ വളരെ മികച്ചരീതിയിലാണ് കളിച്ചത്. എനിക്ക് എന്റെ ടീമിനെ സഹായിക്കാനായില്ല''- താരം പ്രതികരിച്ചു.

മത്സരത്തിനിടെ മോശം പെരുമാറ്റത്തിന് റഫറി റിക്കാർഡോ ഡി ബർഗോസിനെതിരെ പ്രതിഷേധം ഉയർത്തിയതിന് റൂഡിഗറിന് പുറമെ ലൂക്കാസ് വാസ്‌ക്വസ്, ജുഡ് ബെല്ലിങ്ഹാം എന്നിവർക്കും ചുവപ്പ് കാർഡ് ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം റിക്കാർഡോ ഡി ബർഗോസിനെ ഫൈനൽ മത്സരം നിയന്ത്രിക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് റയൽ മാഡ്രിഡ് രംഗത്തെത്തിയിരുന്നു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News