ഏഷ്യാകപ്പ് ക്രിക്കറ്റ് സെപ്തംബർ എട്ടു മുതൽ യുഎഇയിൽ; ഇന്ത്യ-പാക് പോരാട്ടം 14ന്
ടി20 ഫോർമാറ്റിലാണ് ഏഷ്യാകപ്പ് നടക്കുക
ന്യൂഡൽഹി: വീണ്ടുമൊരു ഇന്ത്യ പാകിസ്താൻ ക്രിക്കറ്റിന് കളമൊരുങ്ങുന്നു. ഏഷ്യാകപ്പ് ക്രിക്കറ്റിലാണ് ഇരുടീമുകളും മത്സരിക്കുന്നത്. സെപ്തംബർ ഒൻപത് മുതൽ 28വരെ യുഎഇയിലാണ് ചാമ്പ്യൻഷിപ്പ് നടക്കുക. ഏഷ്യാൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് മൊഹ്‌സിൻ നഖ്വിയാണ് ടൂർണമെന്റ് തിയതി പ്രഖ്യാപിച്ചത്. ഇന്ത്യ-പാക് സംഘർഷ പശ്ചാത്തലത്തിൽ ടൂർണമെന്റ് ഉപേക്ഷിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലാണ് ഇന്ത്യ-പാക് മത്സരം നടക്കുക.
തുടർന്ന് അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ഒമാനെ നേരിടും. സെപ്തംബർ 10ന് യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. അബൂദാബിയും ദുബൈയുമാണ് മത്സരത്തിന് വേദിയാകുകയെന്നാണ് റിപ്പോർട്ടുകൾ. അടുത്ത വർഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ഐസിസി ടി20 ലോകകപ്പിന് മുന്നോടിയായി ഇത്തവണ ഏഷ്യാ കപ്പ് ടി20 ഫോർമാറ്റിലായിരിക്കും നടക്കുക. എട്ട് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുക. ഇന്ത്യക്ക് പുറമെ പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ, യുഎഇ, ഒമാൻ, ഹോങ്കോങ് ടീമുകൾ പങ്കെടുക്കും.