'എളുപ്പമല്ലായിരുന്നു, അവസാന പന്ത് വരെ ബാറ്റ് ചെയ്യാനായിരുന്നു നിർദേശം': വിരാട് കോഹ്‌ലി

പത്ത് ഫോറുകൾ കോഹ്ലി കണ്ടെത്തിയപ്പോൾ സിക്‌സറുകളൊന്നും ബാറ്റിൽ നിന്ന് വന്നില്ല

Update: 2023-11-05 13:27 GMT
Editor : rishad | By : Web Desk
Advertising

കൊൽക്കത്ത: പതിവ് രീതിയിൽ അടിച്ചുകളിച്ചല്ല വിരാട് കോഹ്‌ലി സെഞ്ച്വറി തികച്ചത്. കോഹ്‌ലിയുടെ പതുക്കെയുള്ള ഇന്നിങ്‌സ് കണ്ട് എല്ലാവരും ഒന്ന് അമ്പരന്നതും 'മെല്ലെപ്പോക്ക്' ഇന്നിങ്‌സിന്റെ പേരിലായിരുന്നു. ഏകദിന ക്രിക്കറ്റിൽ 49 സെഞ്ച്വറികളെന്ന സച്ചിന്റെ നേട്ടത്തിനൊപ്പം എത്താൻ ഒരൊറ്റ സെഞ്ച്വറിയെ കോഹ്‌ലി വേണ്ടിയിരുന്നുള്ളൂ.

കഴിഞ്ഞ രണ്ട് കളികളിലും സെഞ്ച്വറി തികയ്ക്കാൻ കോഹ്‌ലിക്കായിരുന്നില്ല. എന്നാൽ ഈഡൻ ഗാർഡനിൽ അതിനുള്ള അവസരം കോഹ്‌ലിക്ക് ഒത്തുവരികയായിരുന്നു. ഇതിഹാസ താരത്തിന്റെ സെഞ്ച്വറിക്കൊപ്പമെത്താനാണോ കോഹ്‌ലി പതിയെ കളിച്ചത് എന്ന തരത്തിലുള്ള സംസാരം ഇപ്പോൾ തന്ന പലകോണുകളിൽ നിന്നും ഉയരുന്നുണ്ട്. എന്നാൽ അതിനൊക്കെ മറുപടി പറയുകയാണ് കോഹ്‌ലി.

ഇന്നിങ്‌സ് പുരോഗമിക്കുന്തോറും ഈ വിക്കറ്റിൽ ബാറ്റ് ചെയ്യുന്നത് എളുപ്പമായിരുന്നില്ലെന്നാണ് കോഹ് ലി പറയുന്നത്. പിച്ച് സ്ലോ ആയതാടെ ബൗളർമാർക്ക് നിയന്ത്രണം ലഭിച്ചുവെന്നും അവസാന പന്ത് വരെ ക്രീസിൽ തുടരാനാണ് തനിക്ക് നിർദേശം ലഭിച്ചതെന്നും കോഹ്‌ലി വ്യക്തമാക്കി. ഇന്ത്യയുടെ ഇന്നിങ്‌സ് ബ്രേക്കിനിടെയാണ് കോഹ്‌ലി ഇക്കാര്യം വെളിപ്പെടുത്തുന്നത്. 

121 പന്തുകളിൽ നിന്നാണ് കോഹ്‌ലി 101 റൺസ് നേടിയത്. പത്ത് ഫോറുകൾ കോഹ്‌ലി കണ്ടെത്തിയപ്പോൾ ഒരൊറ്റ സിക്‌സറുകളും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നില്ല. തന്റെ ആക്രമണോത്സുക ബാറ്റിങിനെ നിയന്ത്രിച്ച് ക്ലാസ് ബാറ്റിങാണ് കോഹ്ലി കാഴ്ചവെച്ചത്. കോഹ്ലിക്ക് പുറമെ രോഹിത് ശർമ്മ(40) ശ്രേയസ് അയ്യർ(77) എന്നിവരും തിളങ്ങി. അവസാന ഓവറുകളിൽ സൂര്യകുമാർ യാദവും(22) രവീന്ദ്ര ജഡേജയും (29) റൺസ് കണ്ടെത്തിയതോടെയാണ് ഇന്ത്യൻ സ്‌കോർ 320 കടന്നത്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News