ചർച്ചയ്ക്ക് ധാക്കയിലേക്കില്ല; ഏഷ്യാകപ്പ് ക്രിക്കറ്റിൽ കടുത്ത നിലപാടിലേക്ക് ബിസിസിഐ
ജൂലൈ 24നാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ വാർഷിക യോഗം തീരുമാനിച്ചത്.
ന്യൂഡൽഹി: ബംഗ്ലാദേശിലെ ധാക്കയിൽ നടക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ വാർഷിക പൊതുയോഗം ബഹിഷ്‌കരിക്കാൻ ബിസിസിഐ. ഈ മാസം 24നാണ് യോഗം നിശ്ചയിച്ചത്. ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് പൊതുയോഗത്തിന്റെ വേദി മാറ്റണമെന്ന് നേരത്തെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷനായ പാക് ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്വിയുടെ നിർബന്ധത്തിൽ വേദി മാറ്റാൻ എസിസി തയാറായില്ല. ഇതോടെയാണ് ബഹിഷ്‌കരണ നീക്കത്തിലേക്ക് ബിസിസിഐ നീങ്ങുന്നത്.
അതേസമയം, ഇന്ത്യ നിസഹകരിച്ചാൽ സെപ്തംബറിൽ നടക്കേണ്ട ഏഷ്യകപ്പ് ടി20 മത്സരനടത്തിപ്പും പ്രതിസന്ധിയിലാകും. പ്രധാന സ്‌പോൺസർമാരെല്ലാം ഇന്ത്യയിൽ നിന്നായതിനാൽ ഇന്ത്യയുടെ പങ്കാളിത്തം ഏറെ പ്രധാനമാണ്. ഏഷ്യകപ്പ് മത്സര ക്രമം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2023ലാണ് അവസാനമായി ചാമ്പ്യൻഷിപ്പ് നടന്നത്.