പണം വാരൽ തുടർന്ന് ബിസിസിഐ; പോയ ഒരു വർഷം കൊണ്ടുണ്ടാക്കിയത് 9,741 കോടി രൂപ!
ന്യൂഡൽഹി: 2023-2024 സാമ്പത്തിക വർഷത്തെ വരുമാനക്കണക്ക് പുറത്തുവിട്ട് ബിസിസിഐ. പോയ സാമ്പത്തിക വർഷത്തിൽ മാത്രം 9741 കോടി രൂപയാണ് ബിസിസിഐയുടെ വരുമാനം. ഇതിൽ 5761 കോടി രൂപയും ഐപിഎല്ലിലൂടെയാണ് സമ്പാദിച്ചത്.
ബിസിസിഐ വരുമാനത്തിന്റെ 60 ശതമാനം തുകയും നിലവിൽ ഐപിഎല്ലിലൂടെയാണ് ലഭിക്കുന്നത്. ഇതോടെ ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡായ ബിസിസിഐയുടെ വരുമാനം മുപ്പതിനായിരം കോടിയോടടുത്തു. രണ്ടാമതുള്ള ആസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിന് 8000 കോടിയോളം മാത്രമാണ് ആസ്തി. പലിശയിനത്തിൽ മാത്രം പ്രതിവർഷം ആയിരം കോടിയോളവും ലഭിക്കുന്നു. കൂടാതെ പ്രതിവർഷം 10 മുതൽ 12 വരെ വളർച്ചയും ബിസിസിഐക്കുണ്ട്.
ഐസിസി വരുമാനം പങ്കുവെക്കലിലൂടെ 1042 കോടിയും മറ്റു നിക്ഷേപങ്ങളിലൂടെ 987 കോടിയും ബിസിസിഐയുടെ പോക്കറ്റിലെത്തുന്നു. ഐപിഎൽ അല്ലാത്തവയുടെ മീഡിയ റൈറ്റ്സിലൂടെ 361 കോടിയും ടിക്കറ്റ് വിൽപ്പനയിലൂടെയും മറ്റ് ഡീലുകളിലൂടെയും 361 കോടിയും ബിസിസിഐക്ക് ലഭിക്കുന്നു.