'ഇന്ത്യയെ ഫൈനലിൽ തോൽപിക്കുന്നില്ലേ'; അഫ്ഗാനെതിരായ തോൽവിക്ക് പിന്നാലെ ഇംഗ്ലീഷ് താരം ഡക്കറ്റിന് ട്രോൾ
അഫ്ഗാനോട് തോറ്റ് ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് ഘട്ടം കടക്കാതെ ഇംഗ്ലണ്ട് പുറത്തായിരുന്നു
ലാഹോർ: അഫ്ഗാനിസ്താനെതിരായ തോൽവിക്ക് പിന്നാലെ ട്രോൾ ഏറ്റുവാങ്ങി ഇംഗ്ലീഷ് താരം ബെൻ ഡക്കറ്റ്. ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പായി നടന്ന ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കിടെ നടത്തിയ പരാമർശമാണ് ഇംഗ്ലീഷ് ഓപ്പണർക്ക് വിനയായത്. '' ഇന്ത്യക്കെതിരെ 3-0 പരമ്പര തോറ്റാലും ഞാനത് കാര്യമാക്കുന്നില്ല. അവരെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ തോൽപിക്കുന്നിടത്തോളം കാലം ഞാനത് വിഷയമാക്കുന്നില്ല'. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ തോൽപിച്ചാൽ ഈ തോൽവി ആരും ഓർക്കില്ലെന്നും ഡക്കറ്റ് പറഞ്ഞു-നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മൂന്നാം ഏകദിനത്തിന് മുൻപായി ഡക്കറ്റ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
എന്നാൽ അഫ്ഗാനെതിരെ തോറ്റ് ഗ്രൂപ്പ് ഘട്ടം പോലും കടക്കാതെ ത്രീലയൺസ് മടങ്ങിയതോടെ ഡക്കറ്റിന് നേരിടേണ്ടിവന്നത് ട്രോൾ മഴ. ഇംഗ്ലണ്ട് താരത്തിന്റെ സ്വപ്നം തല്ലിക്കെടുത്തി അഫ്ഗാൻ ചെയ്തത് മോശമായി പോയെന്ന് ഒരു ആരാധകർ ട്വീറ്റ് ചെയ്തു. മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയും ഇംഗ്ലീഷ് ഓപ്പണറുടെ മുൻ പരാമർശം ഓർമിപ്പിച്ച് രംഗത്തെത്തി. അഫ്ഗാനെതിരായ മത്സരം ജയിച്ച ശേഷം നമുക്ക് ഇന്ത്യക്കെതിരായ സെമിയേയും ഫൈനലിനേയും കുറിച്ച് ആലോചിക്കാമെന്ന് ആകാശ് ചോപ്ര പറഞ്ഞു.
ഡക്കറ്റ് ആഴ്ചകൾക്ക് മുൻപ് നടത്തിയ പ്രസ്മീറ്റ് വീഡിയോയും ആരാധകർ താരത്തെ ട്രോളാനായി ഉപയോഗിച്ചു. അവസാന ഓവർ വരെ നീണ്ടുനിന്ന ആവേശ പോരാട്ടത്തിനൊടുവിലാണ് എട്ട് റൺസിന് ഇംഗ്ലണ്ടിനെ അഫ്ഗാൻ പരാജയപ്പെടുത്തിയത്. നേരത്തെ ആസ്ത്രേലിയക്കെതിരെയും ജോസ് ബട്ലറും സംഘവും തോറ്റിരുന്നു. രണ്ട് തോൽവി നേരിട്ടതോടെയാണ് ഇംഗ്ലണ്ടിന് പുറത്തേക്കുള്ള വഴിതെളിഞ്ഞത്.