സി.കെ നായിഡു ട്രോഫി; പഞ്ചാബിനെതിരെ കേരളത്തിന് തോൽവി

രണ്ടാം ഇന്നിങ്‌സിൽ കേരളം 199 റൺസിന് ഓൾഔട്ടായി

Update: 2025-11-05 10:17 GMT
Editor : Sharafudheen TK | By : Sports Desk

ചണ്ഡീഗഢ്:സി.കെ നായിഡു ട്രോഫിയിൽ കേരളത്തിനെതിരെ പഞ്ചാബിന് ജയം. ഇന്നിങ്‌സിനും 37 റൺസിനുമാണ് കേരളത്തിന്റെ തോൽവി. കേരളത്തിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 202നെതിരെ നാല് വിക്കറ്റിന് 438 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു പഞ്ചാബ്. തുടർന്ന് 236 റൺസിന്റെ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്‌സിൽ 199 റൺസിന് ഓൾഔട്ടായി. ഇതോടെയാണ് പഞ്ചാബ് കൂറ്റൻ വിജയം സ്വന്തമാക്കിയത്.

അവസാന ദിവസം കളി തുടങ്ങുമ്പോൾ ആറ് വിക്കറ്റിന് 131 റൺസെന്ന നിലയിലായിരുന്നു സന്ദർശകർ. നാല് വിക്കറ്റ് ശേഷിക്കെ 105 റൺസായിരുന്നു ഇന്നിങ്‌സ് തോൽവി ഒഴിവാക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി ഒരറ്റത്ത് ഉറച്ച് നിന്ന അഭിജിത് പ്രവീണൊഴികെ മറ്റാർക്കും ഭേദപ്പെട്ട ബാറ്റിങ് കാഴ്ച വയ്ക്കാനായില്ല. വിജയ് വിശ്വനാഥും കൈലാസ് ബി നായരും ചെറുത്തുനിൽപ്പിന് ശ്രമം നടത്തി. 78 പന്തുകൾ നേരിട്ട വിജയ് ഏഴ് റൺസുമായി മടങ്ങി.

45 പന്തുകളിൽ നിന്ന് നാല് റൺസെടുത്ത് കൈലാസും പുറത്തായി. തുടർന്നെത്തിയ അനുരാജും പവൻരാജും ചെറിയ സ്‌കോറുകളിൽ പുറത്തായതോടെ കേരളത്തിന്റെ ഇന്നിങ്‌സിന് അവസാനമായി. ഒരറ്റത്ത് 74 റൺസുമായി അഭിജിത് പ്രവീൺ പുറത്താകാതെ നിന്നു. പത്ത് ബൌണ്ടറികൾ അടങ്ങുന്നതായിരുന്നു അഭിജിത്തിന്റെ ഇന്നിങ്‌സ്. അഭിജിത്ത് തന്നെയാണ് കേരളത്തിന്റെ ടോപ് സ്‌കോറർ. പഞ്ചാബിന് വേണ്ടി ഹർജാസ് സിങ് ടണ്ഡൻ, ഇമൻജ്യോത് സിങ് ചഹൽ, ഹർഷദീപ് സിങ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News