2020ല്‍ ആദ്യം പുറത്തായി, 2021ല്‍ ആദ്യം പ്ലേ ഓഫിലെത്തി; ഇത് സി.എസ്.കെയുടെ പ്രതികാരം

11 മത്സരങ്ങളില്‍ ഒമ്പതും വിജയിച്ച് രാജകീയമായാണ് എം.എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സ് ഐപിഎല്‍ പതിനാലാം സീസണിലെ പ്ലേ ഓഫിലേക്ക് കടന്നിരിക്കുന്നത്

Update: 2021-10-01 12:00 GMT
Editor : Roshin | By : Roshin Raghavan

2020 ഐപിഎല്ലിലെ അവസാന മത്സരം പൂര്‍ത്തിയായ ശേഷമുള്ള പ്രസന്‍റേഷന്‍ സെറിമണി. ഹര്‍ഷാ ബോഗ്ലേ സിഎസ്കെ നായകന്‍ മഹേന്ദ്രസിങ് ധോണിയോട് ഇങ്ങനെ ചോദിച്ചു, നിങ്ങളുടെ ആരാധകരോട് എന്താണ് ഇനി പറയാനുള്ളത്. തിരിച്ച് പതിവ് ശൈലിയിലുള്ള ശാന്തമായ മറുപടിയായിരുന്നു ധോണി നല്‍കിയത്. ''ഞങ്ങള്‍ തീര്‍ച്ചയായും തിരിച്ചുവരും. അതില്‍ പേരുകേട്ടവരാണ് ഞങ്ങള്‍'' 2020ല്‍ ആദ്യം പുറത്തായ ടീമില്‍ നിന്നും 2021ല്‍ ആദ്യമായി പ്ലേ ഓഫിലേക്ക് കടക്കുന്ന ടീമായി ചെന്നൈ സൂപ്പര്‍ കിങ്സ് മാറിയതിന്‍റെ തുടക്കം ഇവിടെ നിന്നായിരുന്നു.

11 മത്സരങ്ങളില്‍ ഒമ്പതും വിജയിച്ച് രാജകീയമായാണ് എം.എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സ് ഐപിഎല്‍ പതിനാലാം സീസണിലെ പ്ലേ ഓഫിലേക്ക് കടന്നിരിക്കുന്നത്. രണ്ടാം പാദത്തില്‍ ഒരു മത്സരം പോലും പരാജയപ്പെടാത്ത ഏക ടീമും ചെന്നൈ തന്നെയാണ്. റണ്‍റേറ്റ് 1.002. മറ്റ് ടീമുകളെ താരതമ്യപ്പെടുത്തി നോക്കിയാല്‍ ഏറ്റവും ഉയര്‍ന്നത്. ധോണിയുടെ വയസന്‍പട ഐപിഎല്‍ പ്രേമികളുടെ ഹൃദയം കവര്‍ന്നതിന്‍റെ തെളിവുകളാണ് ഈ കണക്കുകള്‍ പറയുന്നത്.

Advertising
Advertising

ഋതുരാജ് ഗൈക്വാദ്, ഫാഫ് ഡുപ്ലസിസ്, ഡ്വൈന്‍ ബ്രാവോ, ദീപക് ചഹാര്‍ എന്നിവരാണ് ധോണിയുടെ ഇത്തവണത്തെ വജ്രായുധങ്ങള്‍. 435 റണ്‍സോടെ റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്തുള്ള ഫാഫ് ഡുപ്ലസിസും 407 റണ്‍സോടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള ഋതുരാജും ചേര്‍ന്ന് തുടക്കത്തില്‍ ടീമിന് നല്‍കുന്ന എനര്‍ജി വളരെ വലുതാണ്.

11 വിക്കറ്റുകള്‍ വീതം സ്വന്തമാക്കിയ ദീപക് ചഹാര്‍, ഡ്വൈന്‍ ബ്രാവോ, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവരാണ് ബൌളിങ് യൂണിറ്റിന്‍റെ നെടുംതൂണുകള്‍. പവര്‍ പ്ലേയില്‍ വിക്കറ്റുകള്‍ കൊയ്യുന്നതില്‍ ചഹാറും ഡെത്ത് ഓവറുകളില്‍ നാശം വിതക്കാന്‍ ബ്രാവോയും ശ്രദ്ധാലുക്കളാണ്. ക്യാപ്റ്റന് ആവശ്യമുള്ള സമയങ്ങളില്‍ ബ്രേക്ക് ത്രൂകള്‍ നല്‍കാന്‍ ഠാക്കൂറും അപകടകാരിയാണ്. കൂടെ ക്യാപ്റ്റന്‍ ധോണിയുടെ തന്ത്രങ്ങളും ചേരുമ്പോള്‍ ചെന്നൈ സമ്പൂര്‍ണമാകും. 

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Roshin Raghavan

contributor

Similar News