സെഞ്ചൂറിയനിൽ ജയിച്ചിട്ടും ഇന്ത്യയുടെ പോയിന്റ് പോയി: ഞെട്ടൽ

ഇത് രണ്ടാം തവണയാണ് കുറഞ്ഞ ഓവര്‍നിരക്കിന്റെ പേരില്‍ ഇന്ത്യയുടെ ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് കുറക്കുന്നത്.

Update: 2022-01-02 09:33 GMT
Editor : rishad | By : Web Desk
Advertising

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയെങ്കിലും കല്ലുകടിയായി കുറഞ്ഞ ഓവര്‍ നിരക്ക്. ഇതോടെ ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഒരു പോയിന്റ്‌ കുറഞ്ഞു. കൂടാതെ പിഴയായി മാച്ച്‌ ഫീയുടെ 20 ശതമാനവും മാച്ച്‌ റഫറി വിധിച്ചു. ഇത് രണ്ടാം തവണയാണ് കുറഞ്ഞ ഓവര്‍നിരക്കിന്റെ പേരില്‍ ഇന്ത്യയുടെ ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് കുറക്കുന്നത്.

കുറഞ്ഞ ഓവര്‍ നിരക്ക്‌ കാരണം ഇന്ത്യക്ക്‌ ഇതുവരെ മൂന്ന്‌ പോയിന്റാണ്‌ നഷ്‌ടമായത്‌. ഇംഗ്ലണ്ടിനെതിരെ നടന്ന നോട്ടിങാം ടെസ്‌റ്റില്‍ ഇന്ത്യയുടെ രണ്ട്‌ പോയിന്റ്‌ കുറച്ചിരുന്നു. 53 പോയിന്റാണ്‌ ഇന്ത്യക്കുള്ളത്‌. പോയിന്റ്‌ പട്ടികയില്‍ നാലാം സ്‌ഥാനത്താണ്‌ ഇന്ത്യ. ആസ്‌ട്രേലിയ, ശ്രീലങ്ക, പാക്കിസ്‌താന്‍ എന്നിവരാണ് മുന്നില്‍.

ഐതിഹാസിക ടെസ്റ്റ് ജയം സ്വന്തമാക്കിയെങ്കിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് നഷ്ടമായത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. ദക്ഷിണാഫ്രിക്കയെ 113 റൺസിനാണ് ഇന്ത്യ തകർത്തത്. ഇന്ത്യ ഉയർത്തിയ 305 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 191 റൺസിന് പുറത്തായി. സ്‌കോർ: ഇന്ത്യ – 327/10, 174/10, ദക്ഷിണാഫ്രിക്ക – 197/10, 191/10.

മൂന്ന് മത്സര പരമ്പരയിലെ ഒരു മത്സരം മാത്രമാണ് അവസാനിച്ചത്. രണ്ട് മത്സരം കൂടി ശേഷിക്കെ ഇനിയും കുറഞ്ഞ ഓവര്‍ നിരക്ക് വഴങ്ങിയാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റിനെയും അത് ബാധിക്കും. നിലവില്‍ 1-0ന് മുന്നിട്ട് നില്‍ക്കുന്ന ഇന്ത്യ ഒരു മത്സരം കൂടി ജയിച്ചാല്‍ പരമ്പര സ്വന്തമാക്കും. ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാത്ത ഇന്ത്യ ഇത്തവണ ചരിത്ര നേട്ടം കൂടി ലക്ഷ്യമിടുന്നുണ്ട്. 

ബൗളർമാരാണ് വിജയം കൊണ്ടുവന്നതെങ്കിലും ആദ്യ മത്സരത്തില്‍ കെ.എല്‍ രാഹുലിന്റെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ രാഹുലിന് എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ തിളങ്ങാനായിരുന്നില്ല. മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് എടുത്തുപറയേണ്ടത്. ജസ്പ്രീത് ബുംറ,മുഹമ്മദ് സിറാജ്,ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരെല്ലാം മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായി. 

India docked one WTC point for slow overrate in Centurion

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News