ക്യാച്ച് നഷ്ടപ്പെടുത്തി വിക്കറ്റ് കീപ്പർ; എന്നിട്ടും ഔട്ട് വിളിച്ച് അമ്പയർ- വീഡിയോ
കർണാടക-ഉത്തർപ്രദേശ് ഫൈനൽ മത്സരത്തിനിടെയാണ് വിവാദ പുറത്താകൽ.
ബെംഗളൂരു: സികെ നായ്ഡു ട്രോഫി അണ്ടർ 23 ക്രിക്കറ്റ് ഫൈനലിൽ വിക്കറ്റ് കീപ്പർ ക്യാച്ച് നഷ്ടപ്പെടുത്തിയിട്ടും ഔട്ട് വിധിച്ച് അമ്പയറുടെ വിചിത്ര തീരുമാനം. കർണാടക-ഉത്തർപ്രദേശ് ഫൈനൽ മത്സരത്തിനിടെയാണ് വിവാദ പുറത്താകൽ. അമ്പയർ സി.എച്ച് രവികാന്ദിനാണ് അബദ്ധം പിണഞ്ഞത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിലും വ്യാപക വിമർശനമുയർന്നു. ആഭ്യന്തര ക്രിക്കറ്റിലെ അമ്പയർമാരുടെ നിലവാരത്തെ കുറിച്ചും ചർച്ചകളുയർന്നു
Level of Umpiring in our Domestic circuit.🥲 @JayShah @BCCIdomestic pic.twitter.com/GFDeqa9Tey
— Ankit (@ankit_bhadu_) March 12, 2024
കർണാടകയുടെ ഓപ്പണിങ് ബാറ്റ്‌സ്മാൻ പ്രകാശ് ചൗധരിക്കാണ് അമ്പയറുടെ തെറ്റായ തീരുമാനത്തിൽ ക്രീസ് വിടേണ്ടി വന്നത്. പേസർ ശുഭം മിശ്രയയുടെ ഹൂക്പന്തിനെ നേരിടുന്നതിൽ ബാറ്റ്‌സ്മാന് പിഴക്കുകയായിരുന്നു. പന്ത് ബാറ്റിൽ ഉരസി കീപ്പർക്ക് അരികിലേക്ക്. യുപി വിക്കറ്റ് കീപ്പർ ആരാധ്യ യാദവ് ഡൈവിങിലൂടെ പന്ത് കൈപിടിയിലൊതുക്കാൻ ശ്രമിച്ചു. എന്നാൽ ഗ്ലൗസിൽ നിന്ന് പന്ത് വഴുതി നിലത്ത് വീണത് വീഡിയോയിൽ കൃത്യമായി കാണാമായിരുന്നു. അമ്പയർ ഇത് കണ്ട ഭാവം നടിക്കാതെ ഔട്ട് വിധിച്ചു. ബാറ്റ്‌സ്മാൻ പന്തുനിലത്തുവീണെന്ന് പറഞ്ഞെങ്കിലും രവികാന്ദ് തീരുമാനം പുന:പരിശോധിക്കാൻ തയാറായില്ല.
കലാശ പോരാട്ടം സമനിലയിൽ കലാശിച്ചെങ്കിലും ആദ്യ ഇന്നിങ്‌സിന്റെ ലീഡിന്റെ പിൻബലത്തിൽ കർണാടക ചാമ്പ്യൻമാരായി. ഒന്നാം ഇന്നിങ്‌സിൽ 358 റൺസാണ് കർണാടക നേടിയത്. മറുപടി ബാറ്റിങിൽ ഉത്തർപ്രദശ് പോരാട്ടം 139 റൺസിൽ അവസാനിച്ചിരുന്നു.