ഫലസ്തീൻ ഐക്യദാർഢ്യവുമായി ഗ്രൗണ്ടിലിറങ്ങി യുവാവ്; ഇംഗ്ലണ്ട്-പാക് മാച്ചിൽ സംഭവിച്ചത്-വീഡിയോ

ആരാധകന് പിന്നാലെയെത്തിയ സുരക്ഷാ ജീവനക്കാർ യുവാവിനെ കീഴ്‌പ്പെടുത്തി സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുപോയി

Update: 2024-05-26 13:27 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ലണ്ടൻ: ഇംഗ്ലണ്ട്-പാകിസ്താൻ ട്വന്റി 20 മത്സരത്തിനിടെ ഫലസ്തീൻ പതാകയുമായി കളത്തിലിറങ്ങി ആരാധകൻ. പാകിസ്താൻ ബാറ്റിങിനിടെയാണ് ഗ്യാലറിയിൽ നിന്ന് സുരക്ഷാ ജീവനക്കരെ വെട്ടിച്ച് ഗ്രൗണ്ടിലിറങ്ങിയത്. ബിർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിലെ രണ്ടാം ടി20യ്ക്കിടെയാണ് സംഭവം. ഇഫ്തീഖർ അഹമ്മദും ഇമാദ് വസീമും ആയിരുന്നു ഈ സമയം ക്രീസിലുണ്ടായിരുന്നത്. ആരാധകന് പിന്നാലെയെത്തിയ സുരക്ഷാ ജീവനക്കാർ യുവാവിനെ കീഴ്‌പ്പെടുത്തി സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുപോയി. തുടർന്ന് അൽപ്പ സമയത്തേക്ക് മത്സരം തടസ്സപ്പെട്ടെങ്കിലും പിന്നീട് പുനഃരാരംഭിച്ചു. ഗസ വംശഹത്യയിൽ ഇസ്രായേലിനെതിരെ ലോകമാകെ പ്രതിഷേധം ഉയർന്നുവരുന്ന വരികയാണ്.

  നാല് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം ടി20യിൽ ഇംഗ്ലണ്ട് 23 റൺസിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഐപിഎല്ലിനിടെ നാട്ടിലേക്ക് മടങ്ങിയ രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്‌ലർ വെടിക്കെട്ട് ഇന്നിംഗ്‌സുമായി ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചു. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് മുന്നോട്ടുവെച്ചപ്പോൾ പാക് പോരാട്ടം 160 റൺസിൽ അവസാനിച്ചു. 51 പന്തിൽ 84 റൺസെടുത്ത ക്യാപ്റ്റൻ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലെത്തിച്ചത്. 

21 പന്തിൽ 45 റൺസെടുത്ത ഫഖർ സമാൻ, 26 പന്തിൽ 32 റൺസെടുത്ത ബാബർ അസം, 13 പന്തിൽ 22 റൺസെടുത്ത ഇമാദ് വസിം എന്നിവരാണ് പാകിസ്താനായി പൊരുതി. പക്ഷേ അവസാന ഓവറുകളിൽ വരിഞ്ഞുമുറക്കിയ ഇംഗ്ലീഷ് ബൗളർമാർക്ക് മുന്നിൽ പാകിസ്താൻ വിറച്ചു. ഇംഗ്ലണ്ടിനായി റീസ് ടോപ്‌ലി മൂന്നും മുഈൻ അലി, ജോഫ്ര ആർച്ചർ എന്നിവർ രണ്ടും വിക്കറ്റുകൾ വീതം വീഴ്ത്തി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News