ലോകകപ്പ് ടി20: വെസ്റ്റ്ഇന്‍ഡീസിനെ എറിഞ്ഞിട്ട് ഇംഗ്ലണ്ട്, തകര്‍പ്പന്‍ ജയം

കരുത്തരായ വെസ്റ്റ്ഇന്‍ഡിസിനെ ആറ് വിക്കറ്റിനാണ് തോല്‍പിച്ചുവിട്ടത്. ഇംഗ്ലണ്ടിനായി ജോസ് ബട്ട്‌ലര്‍(24) ജേസണ്‍ റോയ്(11) എന്നിവര്‍ റണ്‍സ് കണ്ടെത്തി.

Update: 2021-10-23 16:37 GMT
Editor : rishad | By : Web Desk
Advertising

ലോകകപ്പ് ടി20 സൂപ്പര്‍ 12 പോരാട്ടത്തിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന് തട്ടുതകര്‍പ്പന്‍ ജയം. കരുത്തരായ വെസ്റ്റ്ഇന്‍ഡിസിനെ ആറ് വിക്കറ്റിനാണ് തോല്‍പിച്ചുവിട്ടത്. ഇംഗ്ലണ്ടിനായി ജോസ് ബട്ട്‌ലര്‍(24) ജേസണ്‍ റോയ്(11) എന്നിവര്‍ റണ്‍സ് കണ്ടെത്തി. വിന്‍ഡീസ് ഉയര്‍ത്തിയ 56 എന്ന വിജയലക്ഷ്യം ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 8.2 ഓവറിൽ മറികടക്കുകയായിരുന്നു.

ടോസ് ലഭിച്ചത് ഇംഗ്ലണ്ടിന്. ഒന്നും നോക്കാതെ തന്നെ വിന്‍ഡീനെ ബാറ്റിങ്ങിനയച്ചു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. 14.2 ഓവറില്‍ 55 റണ്‍സിന് എല്ലാവരും ഡ്രസിങ് റൂമില്‍ തിരിച്ചെത്തി മുഖത്തോട് മുഖം നോക്കിയിരുന്നു. ഇംഗ്ലണ്ട് ബൗളര്‍മാരുടെ വിളയാട്ടത്തില്‍ രണ്ടക്കം കടന്നത് ഒരാള്‍ മാത്രം. അതും വെടിക്കെട്ട് ബാറ്റിങിന് പേര് കേട്ട ക്രിസ് ഗെയില്‍. നേടിയതോ 13 റണ്‍സ്. അതും 13 പന്തില്‍ നിന്ന്. നേടിയ പതിമൂന്നില്‍ മൂന്ന് ബൗണ്ടറി, ഒരു സിംഗിള്‍.

ഓപ്പണര്‍ ലെന്‍ഡി സിമ്മണ്‍സ് മുതല്‍ അവസാനക്കാരന്‍ രാംപോള്‍ വരെ ഉത്തരംകിട്ടാതെ നിന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ആദില്‍ റാഷിദ് ആണ് വിന്‍ഡീസിന്റെ എല്ലാം അവസാനിപ്പിച്ചത്. 2.2 ഓവറില്‍ വെറും രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു റാഷിദിന്റെ അത്ഭുത പ്രകടനം. രണ്ട് വീതം വിക്കറ്റ് വീഴ്ത്തി മുഈന്‍ അലിയും ടൈമല്‍ മില്‍സും റാഷിദിന് പിന്തുണകൊടുത്തു. ക്രിസ് വോക്‌സും ക്രിസ് ജോര്‍ദാനും ഒരോ വിക്കറ്റ് വീതം നേടി. ആദില്‍ റാഷിദിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് ഇന്നത്തേത്.

മറുപടി ബാറ്റിങില്‍ ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റ് വീഴ്ത്തി എന്ന് മാത്രമാണ് വിന്‍ഡീസിന് ആശ്വസിക്കാന്‍ വക നല്‍കുന്നത്. വിന്‍ഡീസ് ഫീല്‍ഡര്‍മാരുടെ മികവും തുണയായി. ലിയാം ലിവിങ്സ്റ്റണിനെ സ്വന്തം പന്തില്‍ പറന്ന് പിടികൂടിയ അഖീല്‍ ഹൊസൈന്റെ പ്രകടനം ശ്രദ്ധേയമായി. 39 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് വീണപ്പോള്‍ ഇംഗ്ലണ്ടും ഒന്ന് പരുങ്ങി. എന്നാല്‍ അധികം പരിക്കുകളില്ലാതെ ബട്ട്‌ലറും നായകന്‍ മോര്‍ഗനും ടീമിന് ജയം സമ്മാനിക്കുകയായിരുന്നു.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News