കളി മതിയാക്കാനൊരുങ്ങി മോർഗൻ; ഇംഗ്ലണ്ടിന് ആദ്യ ലോകകപ്പ് സമ്മാനിച്ച നായകൻ

മോശം ഫോമും ആരോഗ്യ പ്രശ്‌നങ്ങളമാണ് മോ‍ർഗനെ വിരമിക്കൽ തീരുമാനത്തിലേക്ക് നയിക്കുന്നത്

Update: 2022-06-28 03:10 GMT
Editor : rishad | By : Web Desk
Advertising

ലണ്ടന്‍: ഇംഗ്ലണ്ടിന്‍റെ ഏകദിന, ടി20 ടീമുകളുടെ നായകനായ ഓയിൻ മോര്‍ഗന്‍ കളി മതിയാക്കാനൊരുങ്ങുന്നു. മോശം ഫോമും ആരോഗ്യ പ്രശ്‌നങ്ങളുമാണ് മോ‍ർഗനെ വിരമിക്കൽ തീരുമാനത്തിലേക്ക് നയിക്കുന്നത്. ഇംഗ്ലണ്ടിന് ആദ്യമായി ഏകദിന ലോകകപ്പ് കിരീടം സമ്മാനിച്ച നായകനാണ് മോർഗൻ. അടുത്തിടെ നടന്ന മത്സരങ്ങളിലൊന്നും മോര്‍ഗന് താളം കണ്ടെത്താനായിരുന്നില്ല. 

ഏകദിനത്തിലും ട്വന്റി 20-യിലും ഇംഗ്ലണ്ടിനായി ഏറ്റവുമധികം റണ്‍സ് നേടിയ ബാറ്റര്‍മാരിലൊരാളാണ് മോര്‍ഗന്‍. 2012-ല്‍ ട്വന്റി 20 ടീമിന്റെയും 2014-ല്‍ ഏകദിന ടീമിന്റെയും ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്തു. ഏകദിനത്തിലും ട്വന്റി 20-യിലും ടീമിനെ ലോക ഒന്നാം റാങ്കിലെത്തിക്കുകയും ചെയ്തു.

ഈ വര്‍ഷം അവസാനം ആസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ കൂടി ഇംഗ്ലണ്ടിനെ നയിക്കാനുള്ള ആഗ്രഹം 35കാരനായ മോര്‍ഗന്‍ പരസ്യമാക്കിയിരുന്നെങ്കിലും മോശം ഫോമും പരിക്കും അതിന് അനുവദിക്കാത്ത സാഹചര്യത്തിലാണ് രാജ്യാന്തര ക്രിക്കറ്റ് മതിയാക്കാനൊരുങ്ങുന്നത്. 2009ല്‍ അയര്‍ലന്‍ഡ് ടീമില്‍ നിന്ന് ഇംഗ്ലണ്ട് ടീമിലെത്തിയ മോര്‍ഗന്‍ ഏകദിനത്തില്‍ 248 മത്സരങ്ങളില്‍ 7701 റണ്‍സും 115 ടി20 മത്സരങ്ങളില്‍ 2548 റണ്‍സും നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകനായിട്ടുള്ള മോര്‍ഗന്‍ 83 മത്സരങ്ങളില്‍ 1405 റണ്‍സടിച്ചു.

ടി20യിലും ഏകദിനത്തിലുമായി അവസാനം കളിച്ച 48 മത്സരങ്ങളില്‍ നിന്ന് മോര്‍ന്‍ നേടിയത് ഒരു അര്‍ദ്ധ സെഞ്ച്വറി മാത്രം. മോശം ഫോമില്‍ ഇംഗ്ലണ്ട് ടീമില്‍ സ്ഥാനമുറപ്പിക്കുക എന്നത് പ്രയാസമാണ്.  2021നുശേഷം അഞ്ച് ഏകദിനങ്ങളില്‍ 103 റണ്‍സും 43 ടി20 മത്സരങ്ങളില്‍ 643 റണ്‍സും മാത്രമാണ് മോര്‍ഗന് നേടാനായത്. മോര്‍ഗൻ വിരമിച്ചാൽ ജോസ് ബട്‍ലർ ഇംഗ്ലണ്ടിന്‍റെ ഏകദിന, ടി20 ടീമുകളുടെ നായകനായേക്കുമെന്നാമ് സൂചന. ഏറെ നാളായി ടീമിന്‍റെ വൈസ് ക്യാപ്റ്റനാണ് ബട്‍ലർ. ഇതിനിടെ 13 മത്സരങ്ങളിൽ ഇംഗ്ലണ്ടിന്‍റെ താൽക്കാലിക നായകനുമായിരുന്നു.

2019-ല്‍ ഇംഗ്ലണ്ടിനെ ആദ്യ ഏകദിന ലോകകപ്പ് വിജയത്തിലേക്ക് നയിച്ചു. 2016-ല്‍ മോര്‍ഗന് കീഴില്‍ ഇംഗ്ലണ്ട് ട്വന്റി 20 ലോകകപ്പ് ഫൈനലിലെത്തിയെങ്കിലും കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റിന്റെ അവിശ്വസനീയ ഇന്നിങ്‌സിന്റെ ബലത്തില്‍ വെസ്റ്റിന്‍ഡീസ് കിരീടം സ്വന്തമാക്കുകയായിരുന്നു.

Summary- Eoin Morgan set to retire from international cricket

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News