'ദ്രാവിഡ് വിരമിക്കാൻ ആവശ്യപ്പെട്ടു, ഗാംഗുലി വാക്കു മാറ്റി'; തുറന്നടിച്ച് വൃദ്ധിമാൻ സാഹ

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇടം ലഭിക്കാതെ പോയതിനു പിന്നാലെയാണ് സാഹയുടെ ആരോപണങ്ങൾ

Update: 2022-02-20 08:50 GMT
Editor : abs | By : Web Desk

റിട്ടയർമെന്റിനെ കുറിച്ച് ആലോചിക്കാൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി വെറ്ററൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ. ടീമിൽ ഇടം ഉറപ്പു നൽകിയ ഗാംഗുലി പിന്നീട് വാക്കു മാറ്റിയെന്നും മുപ്പത്തിയേഴുകാരൻ ആരോപിച്ചു. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇടം ലഭിക്കാതെ പോയതിനു പിന്നാലെയാണ് സാഹയുടെ ആരോപണങ്ങൾ.

'ഇനി മുതൽ ദേശീയ ടീമിലേക്ക് പരിഗണിക്കില്ലെന്ന് ടീം മാനേജ്‌മെന്റ് എന്നെ അറിയിച്ചിരുന്നു. ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നതുകൊണ്ടാണ് ഇതുവരെ ഇക്കാര്യം പുറത്തു പറയാൻ സാധിക്കാതിരുന്നത്. ബിസിസിഐയുടെ തലപ്പത്ത് താൻ ഉള്ളിടത്തോളം കാലം ഒന്നും പേടിക്കാനില്ലെന്ന് സൗരവ് ഗാംഗുലി അറിയിച്ചിരുന്നു. ആത്മവിശ്വാസം നൽകുന്ന സന്ദേശമായിരുന്നു അത്. അതിനു ശേഷം എല്ലാം തകിടം മറിഞ്ഞു. എന്താണെന്നറിയില്ല.' - സാഹ പറഞ്ഞു.

Advertising
Advertising

ദ്രാവിഡ് പറഞ്ഞ കാര്യങ്ങളെ കുറിച്ച് താരം വെളിപ്പെടുത്തുന്നതിങ്ങനെ; 'ഗാംഗുലിയുടെ അഭിനന്ദന സന്ദേശം വന്ന് കുറച്ചുനാളുകൾക്കുശേഷം പരിശീലകൻ രാഹുൽ ദ്രാവിഡും വിളിച്ചിരുന്നു. ടീമിൽ ഇടം ഉറപ്പാണെന്ന് ഗാംഗുലി പറഞ്ഞതിനാൽ തന്റെ പദ്ധതികൾ വിശദീകരിക്കാനാണ് ദ്രാവിഡ് വിളിക്കുന്നതെന്നാണ് ഞാൻ കരുതിയത്. പക്ഷേ, സംസാരിച്ചു തുടങ്ങിയപ്പോൾ ദ്രാവിഡ് പറഞ്ഞത് പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്. ഇത് എങ്ങനെയാണ് നിന്നോട് പറയേണ്ടത് എന്ന് എനിക്കറിയില്ലെന്ന മുഖവുരയോടെയാണ് അദ്ദേഹം തുടങ്ങിയത്. പിന്നീട് ടെസ്റ്റ് ടീമിൽ പുതിയൊരു വിക്കറ്റ് കീപ്പറിനെ പരീക്ഷിക്കാൻ ടീം മാനേജ്‌മെന്റ് തീരുമാനിച്ച വിവരം എന്നോട് പറഞ്ഞു. എന്റെ പ്രായമോ ഫിറ്റ്‌നസോ ആണോ പ്രശ്‌നമെന്ന് ഞാൻ ചോദിച്ചു. പക്ഷേ, ടീമിലുണ്ടെങ്കിലും ഞാൻ കളിക്കാനിറങ്ങാത്ത സാഹചര്യത്തിൽ പുതിയൊരു ആളെ പരീക്ഷിക്കാനാണ് തീരുമാനമെന്നായിരുന്നു മറുപടി.' വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും ദ്രാവിഡ് തന്നോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറയുന്നു. 

ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കില്ലെന്ന് ബിസിസിഐ നേതൃത്വം സാഹയെ അറിയിച്ചതിനെ തുടർന്നാണ് ഇത്തവണത്തെ രഞ്ജി ട്രോഫിയിൽനിന്ന് സാഹ പിൻമാറിയതെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു. ഇതിനിടെയാണ് ബിസിസിഐ ഉന്നതർക്കെതിരെ സാഹ ആരോപണങ്ങൾ ഉന്നയിക്കുന്നത്.

നാൽപ്പത് ടെസ്റ്റിൽ 29.41 ശരാശരിയിൽ 1353 റൺസാണ് സാഹ നേടിയിട്ടുള്ളത്. മൂന്ന് സെഞ്ച്വറിയും ആറ് അർധ സെഞ്ച്വറിയും സ്വന്തം പേരിലുണ്ട്. ഒമ്പത് ഏകദിനത്തിൽ നിന്ന് 41 റൺസും നേടി. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News