ചെന്നൈ ആരാധകർക്ക് സന്തോഷവാർത്ത; അടുത്ത സീസണിലും മഞ്ഞക്കുപ്പായത്തിൽ കാണാമെന്ന് ധോണി

ധോണിയുടെ വിടവാങ്ങൽ മത്സരം ചെന്നൈയിൽ ആരാധകർക്കുമുന്നിലാകുമെന്നാണ് സിഎസ്‍കെ സ്പോണ്‍സര്‍ 'ഇന്ത്യ സിമന്‍റ്സു'മായി ബന്ധപ്പെട്ട ഒരു വൃത്തം പ്രതികരിച്ചത്

Update: 2021-10-07 11:38 GMT
Editor : Shaheer | By : Web Desk

ചെന്നൈ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന പ്രഖ്യാപനവുമായി നായകൻ എംഎസ് ധോണി. അടുത്ത സീസണിലും മഞ്ഞക്കുപ്പായത്തിൽ തന്നെ കാണുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ധോണി. അതേസമയം, ഗ്രൗണ്ടിൽ കാണുമോ എന്ന കാര്യം ഇപ്പോൾ പറയാനായിട്ടില്ലെന്നും താരം സൂചിപ്പിച്ചിട്ടുണ്ട്. അടുത്ത സീസണിനുമുൻപ് മെഗാ ലേലം നടക്കാനിരിക്കെയാണ് ഇന്ന് പഞ്ചാബ് കിങ്‌സുമായുള്ള മത്സരത്തിനു മുൻപാണ് ധോണിയുടെ വെളിപ്പെടുത്തൽ.

അടുത്ത സീസണിലും നിങ്ങൾക്കെന്നെ മഞ്ഞക്കുപ്പായത്തിൽ കാണാം പക്ഷെ, ചെന്നൈക്കു വേണ്ടി കളിക്കുമോ എന്ന കാര്യം നിങ്ങൾക്കറിയില്ല. ഒരുപാട് അനിശ്ചിതത്വങ്ങളാണ് മുൻപിലുള്ളത്. പുതിയ രണ്ട് ടീമുകൾ വരുന്നു. താരങ്ങളെ നിലനിർത്തുന്നതുമായി ബന്ധപ്പെട്ട് എന്തൊക്കെ നിയമങ്ങളാണുള്ളതെന്നും മറ്റു കാര്യങ്ങളൊന്നും നമുക്ക് അറിയിയില്ല- ധോണി പറഞ്ഞു.

Advertising
Advertising

അതിനിടെ, മെഗാ ലേലത്തിൽ ധോണിയെ നിലനിർത്തുമെന്നാണ് ചെന്നൈ സ്‌പോൺസർമാരായ 'ഇന്ത്യാ സിമന്റ്‌സ്' വൃത്തങ്ങൾ നൽകുന്ന സൂചന. ചെന്നൈയിലെ സ്വന്തം തട്ടകത്തിൽ ആരാധകർക്കുമുൻപിലായിരിക്കും താരത്തിന്റെ വിടവാങ്ങൽ മത്സരമെന്നും ഒരു വൃത്തം സൂചിപ്പിച്ചു. ''ധോണിയെ നമ്മൾ നിലനിർത്താൻ പോകുകയാണ്. അടുത്ത വർഷവും താരം കളിക്കും. ഒരുപക്ഷെ, കൂടുതൽ വർഷങ്ങളും കളിക്കാനുണ്ടാകും. ഇക്കാര്യത്തിലൊന്നും തീരുമാനമായിട്ടില്ല. വിടവാങ്ങൽ മത്സരത്തിന് ചെന്നൈയിൽ ആരാധകർക്ക് സാക്ഷ്യംവഹിക്കാനാകുമെന്നു മാത്രമാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അടുത്ത വർഷം ധോണിയുടെ അവസാന ടൂർണമെന്റാകുമെന്നു തീരുമാനിക്കാനുമാകില്ല.'' ഇന്ത്യാ സിമന്റ്‌സ് വക്താവ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഇന്ത്യാ സിമന്റ്‌സിന്റെ 75-ാം വാർഷികാഘോഷ ചടങ്ങിലും ധോണി ഇതുമായി ബന്ധപ്പെട്ടുള്ള സൂചനകൾ നൽകിയിരുന്നു. വിടവാങ്ങൽ മത്സരം കാണാനുള്ള അവസരം നിങ്ങൾക്കു ലഭിക്കുമെന്നാണ് ആരാധകരോട് ധോണി പറഞ്ഞത്. ചെന്നൈയിൽ ആരാധകരെ സാക്ഷിനിർത്തിയാകും തന്റെ വിടവാങ്ങൽ മത്സരമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഓൺലൈനായി നടന്ന ചടങ്ങിൽ ധോണി വ്യക്തമാക്കി.

പുതിയ രണ്ട് ടീമുകൾ കൂടി അടുത്ത സീസണോടെ ഐപിഎല്ലിന്റെ ഭാഗമാകുകയാണ്. ഇതിനാൽ മെഗാ ലേലമായിരിക്കും ഇതിനുമുൻപ് നടക്കുക. മിക്ക ടീമുകൾക്കും തങ്ങളുടെ വിശ്വസ്തതാരങ്ങളെ നഷ്ടപ്പെടും. മിക്കവാറും മൂന്നു താരങ്ങളെ മാത്രം നിലനിർത്താനാകും ഓരോ ടീമിനും അവകാശമുണ്ടാകുക. അങ്ങനെയാണെങ്കിൽ ധോണിക്കു പുറമെ രവീന്ദ്ര ജഡേജ, യുവതാരം ഋതുരാജ് ഗെയ്ക്ക്‌വാദ് എന്നിവരെ നിലനിർത്താനാണ് ചെന്നൈ പദ്ധതിയിടുന്നതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News